ടൊറന്റോ: സൗത്ത് ഈസ്റ്റേൺ ഒന്റാരിയോയിൽ ശനിയാഴ്ച രാവിലെ 11 മണിയോടെ ആകാശത്ത് വെച്ച് രണ്ട് ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഓട്ടവയുടെ തെക്ക് കിഴക്ക് ഭാഗത്തുള്ള മാർട്ടിൻ ടൗണിനടുത്തായിരുന്നു ഈ ദാരുണമായ അപകടം.കൂട്ടിയിടിച്ചതിനു ശേഷം ഒരു വിമാനം സുരക്ഷിതമായി താഴെയിറക്കി. എന്നാൽ രണ്ടാമത്തെ വിമാനം വനമേഖലയിൽ തകർന്ന നിലയിൽ കണ്ടെത്തുകയും പൈലറ്റിൻ്റെ മരണം ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു.

കോൺവാൾ-സമ്മർസ്ടൗൺ എയർപോർട്ടിൽ നിന്ന് പുറപ്പെട്ട Cessna 172 വിമാനത്തിലെ ഏക യാത്രികനാണ് മരിച്ചതെന്ന് പാരാമെഡിക്സ് അറിയിച്ചു. അപകടത്തെ തുടർന്ന് കൗണ്ടി റോഡ് 20 അടച്ചിട്ടിരിക്കുകയാണ്. കാനഡയുടെ ഗതാഗത സുരക്ഷാ ബോർഡ് (TSB) അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനാപകടത്തിൻ്റെ യഥാർത്ഥ കാരണം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നു.
