ഓട്ടവ: യുഎസിലെ ബോട്ടുലിസം കേസുകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ബൈഹാർട്ട് ഹോൾ ന്യൂട്രീഷൻ ബേബി ഫോർമുല തിരിച്ചുവിളിച്ച് കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA). ബൈഹാർട്ട് 680 ഗ്രാം കണ്ടെയ്നർ, 238 ഗ്രാം പാക്കേജ് എന്നിവയാണ് ബാധിക്കപ്പെട്ടവയിൽ ഉൾപ്പെടുന്നത്. ഉൽപ്പന്നങ്ങൾ ഓൺലൈനായി വിറ്റതായി CFIA സ്ഥിരീകരിച്ചു.
ശരീരത്തിലെ നാഡികളെ ആക്രമിക്കുകയും പക്ഷാഘാതത്തിലേക്ക് നയിക്കുകയും ചെയ്യുന്ന ഒരു വിഷവസ്തു ( ക്ലോസ്ട്രിഡിയം ബോട്ടുലിനം ) മൂലമുണ്ടാകുന്ന അപൂർവവും എന്നാൽ ഗുരുതരവുമായ ഒരു രോഗമാണ് ബോട്ടുലിസം. ഈ വിഷവസ്തു കലർന്ന ഭക്ഷണം കേടായി കാണപ്പെടുകയോ മണക്കുകയോ ചെയ്തേക്കില്ല, പക്ഷേ ഗുരുതരമായ രോഗങ്ങൾക്ക് കാരണമാകുമെന്ന് CFIA പറയുന്നു.

രോഗ ലക്ഷണങ്ങൾ ഇവയാണ്:
മുഖത്തെ തളർച്ച
സംസാര വൈകല്യം
തൂങ്ങിക്കിടക്കുന്ന കൺപോളകൾ
മങ്ങിയതോ ഇരട്ട കാഴ്ചയോ
ബലഹീനത
പക്ഷാഘാതം
ഓഗസ്റ്റ് മുതൽ യുഎസിൽ 12 സംസ്ഥാനങ്ങളിലായി കുറഞ്ഞത് 15 കുഞ്ഞുങ്ങളെയെങ്കിലും ഫോർമുല കഴിച്ചതിനെ തുടർന്ന് ബോട്ടുലിസം ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. യുഎസിൽ ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സംസ്ഥാന, ഫെഡറൽ ആരോഗ്യ ഉദ്യോഗസ്ഥർ പറയുന്നു.
