എഡ്മിന്റൻ: നഗരത്തിലെ പ്രവർത്തനരഹിതമായ റോസ്‌ഡെയ്ൽ പവർ പ്ലാൻ്റ് സൈറ്റ് പുനരുപയോഗിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ച് എഡ്മിന്റൻ സിറ്റി. 2012-ൽ പ്രവർത്തനം നിർത്തിയതും പ്രൊവിൻഷ്യൽ ചരിത്രപരമായ വിഭവമായി പ്രഖ്യാപിച്ചതുമായ ഈ കെട്ടിടം, തദ്ദേശീയ ജനതയുടെ പുണ്യഭൂമിയാണെന്ന് കൗൺസിൽ അഭിപ്രായപ്പെട്ടു. പാപ്പച്ചേസ് ഫസ്റ്റ് നേഷൻസിലെ 30-31 പേരെ ഇവിടെ സംസ്‌കരിച്ചിട്ടുണ്ട് എന്നതും ഈ സ്ഥലത്തിന് പ്രാധാന്യം നൽകുന്നു.
റിവർ ക്രോസിംഗ് പുനർവികസന പദ്ധതി പ്രകാരം ഇവിടെ കൂടുതൽ ഭവനങ്ങളും അടിസ്ഥാന സൗകര്യങ്ങളും നിർമ്മിക്കാൻ നിർദ്ദേശമുണ്ട്. ഈ നീക്കങ്ങൾക്കിടയിൽ, അടക്കം ചെയ്ത തദ്ദേശീയരുടെ ചരിത്രപരമായ പ്രാധാന്യം കൂടുതൽ അംഗീകരിക്കണമെന്ന് പാപ്പച്ചേസ് ഫസ്റ്റ് നേഷൻ മേധാവി കാൽവിൻ ബ്രൂണോ ആവശ്യപ്പെട്ടു.

സമീപവാസികൾ തദ്ദേശീയ ചരിത്ര ആഘോഷത്തെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും, ഒഴിഞ്ഞുകിടക്കുന്ന ഈ കെട്ടിടം ഫലപ്രദമായി ഉപയോഗിക്കണമെന്നാണ് പ്രധാനമായുള്ള ആവശ്യം. മുമ്പ് നിർദ്ദേശിക്കപ്പെട്ട ഗോണ്ടോള, കൾച്ചർ ഹബ്ബ് പദ്ധതികൾ നടക്കാത്തതിനാൽ, പുതിയ ആശയങ്ങൾ യാഥാർത്ഥ്യമാകുമോ എന്നതിൽ സംശയമുണ്ടെന്ന് പ്രദേശവാസികൾ അറിയിച്ചു. കാലഹരണപ്പെട്ട ചരിത്രപരമായ കെട്ടിടം ഒഴിഞ്ഞു കിടക്കുന്നത് ചെലവേറിയ കാര്യമാണെന്നും അവർ കൂട്ടിച്ചേർത്തു.
