മെക്സിക്കോ സിറ്റി : മെക്സിക്കോയിലെ ഇടതുപക്ഷ സർക്കാറിനെ നയിക്കുന്ന പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോമിനെതിരെ ‘ജെൻ സി’ പ്രക്ഷോഭം. ഉറുപാൻ മേയർ കാർലോസ് മാൻസോയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ആയിരക്കണക്കിന് ആളുകൾ രാജ്യവ്യാപകമായി മാർച്ച് നടത്തി. മെക്സിക്കോ സിറ്റിയിൽ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിക്ക് സമീപം പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. കണ്ണീർ വാതകം പ്രയോഗിക്കുകയും നൂറിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ. എന്നാൽ, ഈ പ്രക്ഷോഭത്തിന് തന്റെ സർക്കാറിനെ എതിർക്കുന്ന വലതുപക്ഷ രാഷ്ട്രീയക്കാരാണ് ധനസഹായം നൽകുന്നതെന്ന് ക്ലോഡിയ ഷെയിൻബോം ആരോപിച്ചു.

മാൻസോയെ കൊലപ്പെടുത്തിയത് മയക്കുമരുന്ന് കടത്ത് സംഘങ്ങളെക്കുറിച്ചും കാർട്ടൽ അക്രമത്തെക്കുറിച്ചും അദ്ദേഹം തുറന്നു സംസാരിച്ചതിനാലാണ്. രാജ്യത്തെ അക്രമം തടയുന്നതിൽ പരാജയപ്പെട്ടതിനും മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ശത്രുത നേരിടുന്നതിനും ഷെയിൻബോം വിമർശനം നേരിടുന്നുണ്ട്. 2022ലെ അട്ടിമറി ശ്രമത്തിന് കുറ്റം ചുമത്തിയ മുൻ പെറുവിയൻ പ്രധാനമന്ത്രിക്ക് മെക്സിക്കൻ സർക്കാർ അഭയം നൽകിയതിനെത്തുടർന്ന്, പെറു കോൺഗ്രസ് ഷെയിൻബോമിനെ രാജ്യത്ത് സ്വാഗതം ചെയ്യപ്പെടാത്ത വ്യക്തിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
