ടെൽ അവീവ്: പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനെ ശക്തമായി എതിർക്കുന്നുവെന്ന നിലപാട് ആവർത്തിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പലസ്തീൻ സ്വാതന്ത്ര്യത്തിന് സാധ്യത നൽകുന്ന യുഎസ് പ്രമേയം യുഎൻ രക്ഷാസമിതിയിൽ വോട്ടിനിടുന്നതിന് തൊട്ടുമുമ്പാണ് അദ്ദേഹത്തിന്റെ ഈ പ്രഖ്യാപനം. പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നത് ഇസ്രയേലിൻ്റെ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്നാണ് നെതന്യാഹുവിന്റെ വാദം.
അന്താരാഷ്ട്ര സമ്മർദ്ദങ്ങൾക്കിടയിലും ഈ നീക്കങ്ങളെ തടയുന്നുവെന്നും ആരുടെയും സമ്മർദ്ദത്തിന് വഴങ്ങില്ലെന്നും നെതന്യാഹു മന്ത്രിസഭായോഗത്തിൽ വ്യക്തമാക്കി. പലസ്തീൻ ജനതയ്ക്ക് സ്വന്തമായി ഒരു രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള സാധ്യതയ്ക്ക് യുഎൻ പ്രമേയം കൂടുതൽ വ്യക്തവും ശക്തവുമായ ഊന്നൽ നൽകിയിട്ടുണ്ട്. കൂടാതെ ഇസ്രയേൽ അധിനിവേശ വെസ്റ്റ് ബാങ്കിൽ വർധിച്ചുവരുന്ന ജൂത സെറ്റിലർ ആക്രമണങ്ങളെക്കുറിച്ചും നെതന്യാഹു പ്രതികരിച്ചു. അക്രമങ്ങൾ ന്യൂനപക്ഷമാണ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞതെങ്കിലും പലസ്തീനികളും മനുഷ്യാവകാശ ഗ്രൂപ്പുകളും ഇത് വ്യാപകാക്രമണമെന്ന് ആരോപിക്കുകയും, സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് വിമർശിക്കുകയും ചെയ്തിരുന്നു.

വെസ്റ്റ് ബാങ്കിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇസ്രയേലി വെടിവെപ്പിൽ ഏഴ് പലസ്തീനികൾ കൊല്ലപ്പെട്ടിരുന്നു. സെറ്റിലർ ആക്രമണങ്ങൾ 2006-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണെന്നാണ് യു.എൻ. രേഖപ്പെടുത്തിയത്. സെറ്റിലർ ആക്രമണങ്ങൾ വർധിക്കുന്നതും ഇസ്രയേലിൻ്റെ തീവ്ര വലതുപക്ഷ സർക്കാരിലെ പ്രധാന സ്ഥാനങ്ങളിൽ സെറ്റിലർ നേതാക്കളുള്ളതും, ആക്രമണത്തിന് ഇരയായവർക്ക് നീതി ലഭിക്കുന്നില്ലെന്ന വിമർശനം ശക്തമാക്കുന്നുണ്ട്. വെസ്റ്റ് ബാങ്കിലെ സംഘർഷം ഗാസയിലെ സമാധാന ശ്രമങ്ങളെ തകർക്കുമോ എന്ന ആശങ്കയും അന്താരാഷ്ട്ര സമൂഹത്തിൽ നിലനിൽക്കുന്നു.
