കാൽഗറി: പലസ്തീൻ ദേശീയ ദിനത്തോടനുബന്ധിച്ച് ശനിയാഴ്ച കാൽഗറി സിറ്റി ഹാളിൽ ആദ്യമായി പലസ്തീൻ പതാക ഉയർത്തി. സെപ്റ്റംബറിൽ കനേഡിയൻ സർക്കാർ പലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ചിരുന്നു. കാനഡ ഔദ്യോഗികമായി അംഗീകരിച്ച രാജ്യങ്ങളുടെ പതാകകൾ അവരുടെ ദേശീയ ദിനങ്ങളിൽ സിറ്റി ഹാളിൽ ഉയർത്താൻ നിലവിലെ നിയമം അനുവദിക്കുന്നു.
‘ഇത് വളരെ ആവേശകരമായിരുന്നു. ഞങ്ങൾക്ക് സന്തോഷകരവും പോസിറ്റീവുമായ ഒരു ദിവസമാണിത്. ഇവിടത്തെ മറ്റെല്ലാ കമ്മ്യൂണിറ്റികളെയും പോലെ ഞങ്ങളുടെ ദേശീയ ദിനം ആഘോഷിക്കുന്നതിൽ സന്തോഷമുണ്ട്’ പലസ്തീൻ കമ്മ്യൂണിറ്റി അസോസിയേഷൻ അംഗമായ ഹനീൻ ഒമർ പറഞ്ഞു.

അതേസമയം കാൽഗറി സിറ്റി ഹാളിൽ വിദേശ രാജ്യങ്ങളുടെ ദേശീയ പതാകകൾ ഉയർത്തുന്നത് നിർത്തലാക്കാൻ അടിയന്തര പ്രമേയം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് മേയർ ജെറോമി ഫാർകാസ്. നിലവിലെ ആഗോള സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, വിദേശ രാജ്യങ്ങളുടെ ദേശീയ പതാകകൾ ഉയർത്തുന്നത്, നഗരത്തിൽ ഭിന്നതകൾ സൃഷ്ടിക്കുകയും, ഇസ്ലാമോഫോബിയ, സെമിറ്റിക് വിരുദ്ധത തുടങ്ങിയ പ്രശ്നങ്ങൾ വർധിപ്പിക്കുകയും ചെയ്യുന്നതായി നിരവധി പൗരന്മാർ ആശങ്ക അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് ഈ നീക്കമെന്ന് മേയർ പറയുന്നു.
