ഡമസ്കസ്: ജൂലൈയിൽ സ്വീഡയിൽ നടന്ന വിഭാഗീയ അക്രമണത്തെ തുടർന്ന് സുരക്ഷാ-സൈനിക ഉദ്യോഗസ്ഥരെ കസ്റ്റഡിയിൽ എടുത്ത് സിറിയൻ അന്വേഷണ ഉദ്യോഗസ്ഥർ. 2024 ജൂലൈയിൽ ദ്രൂസ് ആത്മീയ നേതാവുമായി ബന്ധമുള്ള സായുധരും പ്രാദേശിക ബെഡോയിൻ ഗോത്രക്കാരും തമ്മിലായിരുന്നു ഏറ്റുമുട്ടൽ. സംഭവത്തിൽ ഇടപെട്ട സർക്കാർ സേന ബെഡോയിൻ വിഭാഗത്തിന് അനുകൂലമായി നിലകൊള്ളുകയും തുടർന്ന് നൂറുകണക്കിന് ദ്രൂസ് സാധാരണക്കാർ കൊല്ലപ്പെടുകയും ചെയ്തു.
കമ്മിറ്റിയുടെ അന്വേഷണത്തിലൂടെയും സോഷ്യൽ മീഡിയ വീഡിയോകളിലൂടെയും നിയമലംഘനം നടത്തിയെന്ന് തെളിയിക്കപ്പെട്ട ഉദ്യോഗസ്ഥരെയാണ് കസ്റ്റഡിയിൽ എടുത്തതെന്ന് അന്വേഷണ സമിതി തലവൻ ജഡ്ജി ഹാതം നാസാൻ അറിയിച്ചു. മുട്ടുകുത്തി നിൽക്കുന്ന ദ്രൂസ് സാധാരണക്കാരെ കൊല്ലുന്നതിൻ്റെയും അപമാനിക്കുന്നതിൻ്റെയും ദൃശ്യങ്ങൾ ഓൺലൈനിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ആക്രമത്തിൽ വിദേശ പോരാളികൾക്ക് പങ്കുണ്ടെന്ന വാദം നാസാൻ തള്ളി.

അക്രമങ്ങൾക്കൊടുവിൽ ഫെഡറൽ സംവിധാനത്തിന് കീഴിലുള്ള സ്വയംഭരണവും പൂർണ്ണ വിഭജനവുമാണ് സ്വീഡയിലെ ജനങ്ങൾ നിലവിലെ പ്രധാന ആവശ്യമായി ഉന്നയിച്ചിരിക്കുന്നത്. മരണസംഖ്യ സംബന്ധിച്ച കണക്കുകൾ ഈ വർഷാവസാനം പുറത്തിറങ്ങുന്ന അന്തിമ റിപ്പോർട്ടിൽ ഉൾപ്പെടുത്തുമെന്നും സമിതി അറിയിച്ചു. ലോകമെമ്പാടുമുള്ള ദ്രൂസ് ജനതയുടെ ഭൂരിഭാഗവും സിറിയയിലാണ് താമസിക്കുന്നത്.
