വൻകൂവർ : ബ്രിട്ടിഷ് കൊളംബിയയിൽ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിന്‍റെ ആയിരക്കണക്കിന് ഫോട്ടോകളും വിഡിയോകളും കൈവശം വച്ച വയോധികന് തടവ് ശിക്ഷ വിധിച്ചു. കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കൈവശം വച്ചതിനും കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചതിനും 82 വയസ്സുള്ള വില്യം ലീ ടേറ്റിനെയാണ് ശിക്ഷിച്ചത്. അശ്ലീല ദൃശ്യങ്ങൾ കൈവശം വെച്ചതിന് 18 മാസവും, അത് പങ്കുവെച്ചതിന് രണ്ട് വർഷത്തിൽ ഒരു ദിവസം കുറഞ്ഞ തടവുമാണ് വിക്ടോറിയയിലെ ബ്രിട്ടിഷ് കൊളംബിയ സുപ്രീം കോടതി വിധിച്ചത്. കേസിൽ ഈ വർഷം ആദ്യം വില്യം ലീ ടേറ്റ് കുറ്റം സമ്മതിച്ചിരുന്നു. കഴിഞ്ഞ മാസമാണ് അദ്ദേഹത്തിന് ശിക്ഷ വിധിച്ചത്.

2019 ലാണ് ടെറ്റിനെതിരെ അന്വേഷണം ആരംഭിച്ചു. തുടർന്ന് 2022-ൽ ടേറ്റിന്‍റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത കമ്പ്യൂട്ടറിൽ നിന്നും 60,491 ചിത്രങ്ങളും 2,272 വിഡിയോകളും കണ്ടെത്തി. ടേറ്റിന്‍റെ കൈവശമുണ്ടായിരുന്ന ദൃശ്യങ്ങളുടെ ഭീകരമായ സ്വഭാവവും (horrifically violent) വൻതോതിലുള്ള ശേഖരവും ശിക്ഷാവിധിയിലെ പ്രധാനപ്പെട്ട ഘടകങ്ങളായി കോടതി കണക്കാക്കി. ഈ ചിത്രങ്ങളും വിഡിയോകളും കൗമാരമെത്താത്ത പെൺകുട്ടികളുടെയും ശിശുക്കളുടെയും ക്രൂരമായ ലൈംഗിക പീഡനമാണ് ചിത്രീകരിക്കുന്നതെന്നും, “മനുഷ്യന്‍റെ ക്രൂരത ഏറ്റവും ദുർബലരായവർക്ക് നേർക്ക് തിരിയുന്നതിന്‍റെ” ദൃശ്യങ്ങളാണിതെന്നും ജഡ്ജി കോടതി വിധിയിൽ പറഞ്ഞു.
