ഓട്ടവ : നോർത്ത് വെസ്റ്റ് ടെറിറ്ററീസിലെ കീവാറ്റിന്‍-ലെ പാസ് അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പായി ഇന്ത്യന്‍ പുരോഹിതനായ ഫാ. സൂസായ് ജേസുവിനെ (OMI) പോപ്പ് ലിയോ പതിനാലാമന്‍ നിയമിച്ചു. മിഷണറി ഒബ്ലേറ്റ്‌സ് ഓഫ് മേരി ഇമ്മാകുലേറ്റ് സഭാംഗമായ ഫാ. ജേസു, എഡ്മിന്‍റൻ മെട്രാപൊളിറ്റന്‍ ആര്‍ച്ച്ഡയോസിസിലെ ‘സേക്രഡ് ഹാര്‍ട്ട് ഓഫ് ദ ഫസ്റ്റ് പീപ്പിള്‍സ്’ പള്ളി വികാരിയും ഒബ്ലേറ്റ് പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലറുമാണ്. ജനുവരി അവസാനം മാനിറ്റോബയിലെ ദി പാസിലുള്ള ഔർ ലേഡി ഓഫ് ദി സേക്രഡ് ഹാർട്ട് കത്തീഡ്രലിൽ സ്ഥാനാരോഹണ ചടങ്ങ് നടക്കും.

1971 മെയ് 17 ന് ഇന്ത്യയിലെ തമിഴ്‌നാട്ടിലുള്ള പുഷ്പവനത്തിലാണ് ഫാ. ജേസു ജനിച്ചത്. ബാംഗ്ലൂരിലെ പൊന്തിഫിക്കൽ അഥേനിയം ധർമ്മാരാം വിദ്യാ ക്ഷേത്രത്തിൽ തത്ത്വശാസ്ത്രവും അഷ്ടയിലെ ക്രിസ്റ്റ് പ്രേമലയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജിയിൽ നിന്ന് ദൈവശാസ്ത്രവും പഠിച്ചു. തുടർന്ന് ഓട്ടവയിലെ സെൻ്റ് പോൾ യൂണിവേഴ്സിറ്റിയിൽ നിന്ന് പാസ്റ്ററൽ കൗൺസിലിങ്ങിൽ ബിരുദാനന്തര ബിരുദം നേടി. 2000-ൽ മേരി ഇമ്മാക്കുലേറ്റിന്‍റെ മിഷനറി ബ്ലേറ്റ് സമുദായത്തില്‍ നിത്യവ്രതം സ്വീകരിച്ചു. അതേ വർഷം ജൂലൈ 27-ന് പുരോഹിതനായി അഭിഷിക്തനാകുകയും ചെയ്തു. ബാലാഘട്ട് (മധ്യപ്രദേശ്) പള്ളി (2000-2002), നോര്‍ത്ത് ഇന്ത്യയിലെ സുരള കാപ്പ പള്ളി (2002-2005), കൊമ്പടി മധുരൈ (തമിഴ്‌നാട്) പള്ളി, (2005-2007), സസ്കാച്വാനിലെ പെലിക്കന്‍ നാരോവ്‌സ് ഗെര്‍ട്രൂഡ് പള്ളി, സാന്‍ഡി ബേയിലെ ഔർ ലേഡി ഓഫ് സെവന്‍ സോറോസ് പള്ളി (2009-2015) തുടങ്ങി വിവിധ ദേവാലയങ്ങളില്‍ അദ്ദേഹം പുരോഹിതനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2017 മുതല്‍ എഡ്മിന്‍റനിലെ ‘സേക്രഡ് ഹാര്‍ട്ട് ഓഫ് ദ ഫസ്റ്റ് പീപ്പിള്‍സ്’ പള്ളി വികാരിയായും 2019 മുതല്‍ ഒബ്ലേറ്റുകളുടെ പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലറായും സേവനം അനുഷ്ഠിച്ചു വരികയാണ്.
