ന്യൂയോർക്ക്: അധോലോക നായകൻ ലോറൻസ് ബിഷ്ണോയിയുടെ ഇളയ സഹോദരനും ഇന്ത്യയിലെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ള കുറ്റവാളിയുമായ അൻമോൽ ബിഷ്ണോയിയെ യു.എസിൽ നിന്നും ഇന്ത്യയിലേക്ക് നാടുകടത്തി. നവംബർ 19 ന് അൻമോൽ ബിഷ്ണോയിയെ ഇന്ത്യയിലെത്തിച്ചേക്കുമെന്നാണ് സൂചനകൾ. യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) അൻമോൽ ബിഷ്ണോയിയെ അമേരിക്കയിൽ നിന്ന് മാറ്റിയതായി അറിയിച്ച ഇമെയിലിന്റെ സ്ക്രീൻഷോട്ട് ബാബ സിദ്ദിഖിയുടെ കുടുംബം സമൂഹമാധ്യമത്തിൽ പങ്കുവച്ചു. അൻമോലിനെ ഇന്ത്യയിലെത്തിക്കുമ്പോൾ ബിഷ്ണോയിയുടെ ആഗോളപ്രവർത്തനങ്ങളെ കുറിച്ചുള്ള വിശദവിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ ഏജൻസികളുടെ കണക്കുക്കൂട്ടൽ.

മഹാരാഷ്ട്ര മുൻ മന്ത്രിയും എൻ.സി.പി നേതാവുമായ ബാബ സിദ്ദിഖിയെ ഒക്ടോബർ 12 ന് ബാന്ദ്ര ഈസ്റ്റിൽ വച്ച് വെടിവെച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളിലൊരാളാണ് അൻമോൽ ബിഷ്ണോയി. 18 ഓളം ക്രിമിനൽ കേസുകൾ നിലവിൽ അൻമോലി നെതിരെയുള്ളത്. പഞ്ചാബിലെ ഫാസിൽക്ക സ്വദേശിയായ അൻമോൾ, വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് ദുബായ്, കെനിയ വഴി നേപ്പാളിലൂടെയാണ് യു.എസിലെത്തിയത്. നടൻ സൽമാൻ ഖാന്റെ ബാന്ദ്രയിലെ വീടിന് പുറത്ത് 2024 ഏപ്രിലിൽ നടന്ന വെടിവയ്പ് കേസിലും അൻമോൽ പ്രതിയാണ്. 2022 മേയ് മാസത്തിൽ പഞ്ചാബി റാപ്പർ സിദ്ദു മൂസെവാലയുടെ കൊലപാതകത്തിലും അൻമോലിന് പങ്കുണ്ടെന്നാണ് ആരോണം. വിദേശത്ത് പ്രവർത്തിക്കുന്നതിനിടെയാണ് ഇയാൾ ഗൂഢാലോചനകൾ ഏകോപിപ്പിച്ചത്.
