വാഷിങ്ടൺ : യുഎസിൽ ലോകത്ത് ആദ്യമായി മനുഷ്യരിൽ എച്ച്5എൻ5 പക്ഷിപ്പനി സ്ഥിരീകരിച്ചു. ആരോഗ്യപ്രശ്നങ്ങൾ ഉള്ള ഗ്രേസ് ഹാർബർ നിവാസിയായ വയോധികനാണ് രോഗം ബാധിച്ചത്. നവംബർ ആദ്യം ഏവിയൻ ഇൻഫ്ലുവൻസയുടെ ലക്ഷണങ്ങളോടെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വാഷിങ്ടൺ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഹെൽത്ത് അറിയിച്ചു. മൃഗങ്ങളിലും പക്ഷികളിലും മാത്രം മുൻപ് കണ്ടെത്തിയിരുന്ന ഈ ഇനം മനുഷ്യരിൽ സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. രോഗം ബാധിച്ച പക്ഷികളുമായോ മലിനമായ ചുറ്റുപാടുകളുമായോ സുരക്ഷിതമല്ലാത്ത സമ്പർക്കത്തിലൂടെ മനുഷ്യരിലേക്ക് എച്ച്5എൻ5 പകരാം.

രോഗബാധിതനായി വ്യക്തി വളർത്തുന്ന കോഴികൾ കാട്ടുപക്ഷികളുമായി സമ്പർക്കം പുലർത്തിയിരുന്നതായി സെന്‍റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) അറിയിച്ചു. വളർത്തുപക്ഷികളോ കാട്ടുപക്ഷികളോ ആകാം അണുബാധയുടെ ഉറവിടമെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. ഏവിയൻ ഇൻഫ്ലുവൻസ അഥവാ ‘പക്ഷിപ്പനി’ സാധാരണയായി പക്ഷികളെ ബാധിക്കുന്ന ഇൻഫ്ലുവൻസ എ വൈറസുകൾ മൂലമുണ്ടാകുന്ന രോഗമാണ്. ഇൻഫ്ലുവൻസ എ വൈറസുകളെ അവയുടെ ഉപരിതല പ്രോട്ടീനുകളായ ഹെമാഗ്ലൂട്ടിനിൻ (H), ന്യൂറാമിനിഡേസ് (N) എന്നിവ അടിസ്ഥാനമാക്കിയാണ് തരംതിരിക്കുന്നത്. A (H5) വൈറസിൽ H5N1, H5N5, H5N8 തുടങ്ങിയ ഉപവിഭാഗങ്ങൾ ഉൾപ്പെടുന്നു.
