ഓട്ടവ : കാനഡയുടെ ഇമിഗ്രേഷൻ സംവിധാനത്തിലെ വെല്ലുവിളികൾ തുടരുന്നതായി പുതിയ റിപ്പോർട്ട്. സെപ്റ്റംബർ 30 വരെ 2,200,100 പൗരത്വ, സ്ഥിര താമസ, താൽക്കാലിക താമസ അപേക്ഷകൾ പ്രോസസ്സ് ചെയ്യുന്നതായി ഇമിഗ്രേഷൻ, റെഫ്യൂജീസ്, സിറ്റിസൺഷിപ്പ് കാനഡ (IRCC) റിപ്പോർട്ട് ചെയ്തു. ഇതിൽ എല്ലാ വിഭാഗങ്ങളിലുമായി, സെപ്റ്റംബറിൽ 996,700 അപേക്ഷകൾ ബാക്ക്ലോഗിലാണ്. ജൂലൈ മുതൽ ഏകദേശം 95,000 അപേക്ഷകളുടെ വർധനയാണ് ബാക്ക്ലോഗിൽ ഉണ്ടായിട്ടുള്ളത്. പൗരത്വ, ഇമിഗ്രേഷൻ, താൽക്കാലിക വീസ എന്നിവ പ്രോസ്സസ് ചെയ്യാൻ ഇമിഗ്രേഷൻ ഡിപ്പാർട്ട്മെൻ്റ് നിശ്ചയിച്ചിട്ടുള്ള ശരാശരി സേവന നിലവാരത്തേക്കാൾ കൂടുതൽ സമയം എടുക്കുന്നതിനെയാണ് ഇമിഗ്രേഷൻ ബാക്ക്ലോഗ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

സ്ഥിര താമസ അപേക്ഷകൾ
ജനുവരി 1 നും സെപ്റ്റംബർ 30 നും ഇടയിൽ, IRCC 335,500 സ്ഥിര താമസ അപേക്ഷകൾ പ്രോസസ്സ് ചെയ്യുകയും 310,500 പുതിയ സ്ഥിര താമസക്കാരെ സ്വാഗതം ചെയ്യുകയും ചെയ്തു. ഈ നിരക്കിൽ വർഷാവസാനത്തോടെ ഏകദേശം 414,000 പുതിയ സ്ഥിര താമസക്കാരെ കാനഡ സ്വാഗതം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. 2025 ലെ ഔദ്യോഗിക ഇമിഗ്രേഷൻ ലെവൽ ലക്ഷ്യമായ 395,000 എന്നതിനേക്കാൾ ഏകദേശം 20,000 കൂടുതലാണ് ഇത്.
അതേസമയം ഓഗസ്റ്റിൽ 470,300 സ്ഥിര താമസ അപേക്ഷകളായിരുന്നു ബാക്ക്ലോഗിലെങ്കിൽ സെപ്റ്റംബറിൽ അത് 482,400 ആയി വർധിച്ചു. കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണം ഏകദേശം 39,000 അപേക്ഷകളുടെ വർധന. 431,400 അപേക്ഷകൾ സമയബന്ധിതമായി പ്രോസസ്സ് ചെയ്തിട്ടുണ്ട്.

പൗരത്വ അപേക്ഷകൾ
ഏപ്രിൽ 1 മുതൽ സെപ്റ്റംബർ 30 വരെ കാനഡ 128,100 പുതിയ പൗരന്മാരെ സ്വാഗതം ചെയ്തു. എന്നാൽ, കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണം മാസം തോറും വർധിച്ചു കൊണ്ടിരിക്കുകയാണ്. സെപ്റ്റംബറിൽ ഇത് 53,200 ആയി. സ്ഥിരമായ പ്രോസസ്സിങ് ഉണ്ടായിരുന്നിട്ടും, അപേക്ഷകർ പലപ്പോഴും ടെസ്റ്റുകൾ, പശ്ചാത്തല പരിശോധനകൾ, സത്യപ്രതിജ്ഞാ ചടങ്ങുകൾ എന്നിവയ്ക്കായി കാത്തിരിക്കേണ്ട അവസ്ഥയാണ്.
താൽക്കാലിക റസിഡൻസി അപേക്ഷകൾ
പ്രോസസ്സ് ചെയ്യുന്ന ഫയലുകളുടെ എണ്ണം 1,028,500. ജനുവരി മുതൽ സെപ്റ്റംബർ വരെ IRCC 451,300 സ്റ്റഡി പെർമിറ്റ് അപേക്ഷകളും (പുതുക്കൽ ഉൾപ്പെടെ) 1,016,500 വർക്ക് പെർമിറ്റ് അപേക്ഷകളും (പുതുക്കൽ ഉൾപ്പെടെ) പ്രോസ്സസ് ചെയ്തു. എന്നാൽ, ഈ വിഭാഗത്തിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ രണ്ട് മാസത്തിനിടെ 51,000 ൽ അധികം വർധിച്ച് 461,100 ആയി.
