ടൊറൻ്റോ : ഫോർഡ് സർക്കാരിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച ഒൻ്റാരിയോ എൻഡിപി ലീഡറും പ്രതിപക്ഷ നേതാവുമായ മാരിറ്റ് സ്റ്റൈൽസിനെ നിയമസഭയിൽ നിന്നും പുറത്താക്കി. ബുധനാഴ്ച നിയമസഭയിൽ ചോദ്യോത്തര വേളയിൽ, സ്കിൽസ് ഡെവലപ്‌മെൻ്റ് ഫണ്ടിനെക്കുറിച്ച് പ്രതിപക്ഷം ചോദ്യം ചെയ്യുന്നത് തുടരുന്നതിനിടെയാണ് തൊഴിൽ മന്ത്രി ഡേവിഡ് പിച്ചിനിയെ “അഴിമതിക്കാരൻ” എന്ന് സ്റ്റൈൽസ് വിളിച്ചത്. “അഴിമതിക്കാരൻ” എന്ന് വിളിച്ചത് പാർലമെന്‍ററി വിരുദ്ധമായ ഭാഷയാണെന്നും അത് പിൻവലിക്കണമെന്നും സ്പീക്കർ ഡോണ സ്കെല്ലി ആവശ്യപ്പെട്ടെങ്കിലും സ്റ്റൈൽസ് നിരസിച്ചു.

250 കോടി ഡോളറിന്‍റെ സ്കിൽസ് ഡെവലപ്‌മെൻ്റ് ഫണ്ടിന് കീഴിലുള്ള പ്രോജക്ടുകൾ തിരഞ്ഞെടുക്കുന്നതിൽ ഡേവിഡ് പിച്ചിനിയുടെ ഇടപെടൽ ഉണ്ടായതായി ഓഡിറ്റർ ജനറൽ കണ്ടെത്തിയിരുന്നു. ഇതോടെ പിച്ചിനി രാജിവയ്ക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ തുടർച്ചായി ആവശ്യപ്പെട്ടിരുന്നു. ഒൻ്റാരിയോ ലിബറലുകൾ, ഗ്രീൻ പാർട്ടി എന്നിവരെല്ലാം പിച്ചിനിയുടെ രാജി ആവശ്യപ്പട്ടിട്ടുണ്ട്. അതേസമയം താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് പിച്ചിനി വാദിക്കുന്നു. തൊഴിൽ മന്ത്രിയെ പുറത്താക്കില്ലെന്ന് പ്രീമിയർ ഡഗ് ഫോർഡും വ്യക്തമാക്കിയിട്ടുണ്ട്.
