വൻകൂവർ : ന്യൂനമർദ്ദത്തെ തുടർന്ന് ബ്രിട്ടിഷ് കൊളംബിയയുടെ വടക്കൻ, മധ്യ തീരങ്ങളിൽ കനത്ത മഴ പെയ്യുമെന്ന് എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി. ബെല്ല കൂല മുതൽ കിറ്റിമാറ്റ് വരെയുള്ള തീരദേശ മേഖലയിൽ 70 മില്ലിമീറ്റർ വരെ മഴയാണ് പ്രതീക്ഷിക്കുന്നത്. അതേസമയം പ്രവിശ്യയുടെ വടക്കുപടിഞ്ഞാറൻ മേഖലയിൽ കനത്ത മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് എൻവയൺമെൻ്റ് കാനഡ അറിയിച്ചു. യൂകോണിനും അലാസ്കൻ പാൻഹാൻഡിലിനും ഇടയിലുള്ള ഹെയ്ൻസ് റോഡ്, കാർക്രോസിലെ വൈറ്റ് പാസ് എന്നിവിടങ്ങളിൽ 30 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നതായി ഫെഡറൽ ഏജൻസി മുന്നറിയിപ്പ് നൽകി.

കനത്ത മഴ പ്രാദേശിക നദികളിലും അരുവികളിലും വെള്ളപ്പൊക്കത്തിനും റോഡുകളിൽ വെള്ളക്കെട്ടിനും കാരണമാകും. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചു. വെള്ളിയാഴ്ചയോടെ മഴ കുറയുമെന്ന് പ്രതീക്ഷിക്കുന്നു.
