ബീജിങ്: ചൈനയിലെ ചരിത്രപ്രസിദ്ധമായ വെന്‍ചാങ് പവലിയന്‍ ക്ഷേത്രത്തില്‍ വന്‍ തീപിടിത്തം. വിനോദസഞ്ചാരിയുടെ അശ്രദ്ധ മൂലമാണ് ക്ഷേത്രസമുച്ചയം കത്തിനശിച്ചതെന്നാണ് റിപ്പോര്‍ട്ട്. നവംബര്‍ 12നാണ് ഈ തീപിടിത്തം ഉണ്ടായത്. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീ ഉടന്‍ തന്നെ നിയന്ത്രണവിധേയമാക്കിയതിനാല്‍ അടുത്തുള്ള വനപ്രദേശങ്ങളിലേക്ക് പടരാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി.
ഒരു വിനോദസഞ്ചാരി അശ്രദ്ധമായി മെഴുകുതിരിയും ചന്ദനത്തിരിയും കത്തിച്ചതാണ് ക്ഷേത്രം കത്തിനശിക്കാന്‍ കാരണമായതെന്ന് പ്രാദേശിക അധികൃതരെ ഉദ്ധരിച്ച് ദി ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കുന്നിന്‍മുകളിലുള്ള ക്ഷേത്രത്തില്‍നിന്ന് തീയും കറുത്ത പുകയും ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തീപിടിത്തത്തില്‍ ക്ഷേത്രത്തിന്റെ മേല്‍ക്കൂരയുടെ ഭാഗങ്ങള്‍ തകര്‍ന്നുവീണു.

ഫെങ്ഹുവാങ് പര്‍വതത്തിന് മുകളിലുള്ള ഈ ക്ഷേത്രം വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. വെന്‍ചാങ് പവലിയന്‍ ക്ഷേത്രം ആധുനിക രീതിയിലാണ് നിര്‍മിച്ചതെങ്കിലും, നൂറ്റാണ്ടുകളുടെ പഴക്കമുള്ള സമീപത്തെ യോങ്ചിങ് ക്ഷേത്രമാണ് ഇത് നിയന്ത്രിക്കുന്നത്. യോങ്ചിങ് ക്ഷേത്രത്തിന്റെ യഥാര്‍ഥ കെട്ടിടങ്ങള്‍ക്ക് 1,500 വര്‍ഷം പഴക്കമുണ്ട്. കത്തിനശിച്ച ക്ഷേത്രം 2009-ലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഇവിടെ പുരാവസ്തുക്കളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് വിവരം.
അപകടത്തിന് കാരണക്കാരായവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് അധികാരികള്‍ വ്യക്തമാക്കി. തീപിടിത്തത്തെക്കുറിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അന്വേഷണം നടത്തിവരികയാണ്. അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. വിനോദസഞ്ചാരികളുടെ അശ്രദ്ധമായ പെരുമാറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇതോടെ സജീവമായിരിക്കുകയാണ്. 2023-ല്‍ ഗാന്‍സു പ്രവിശ്യയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഷാന്‍ദന്‍ ഗ്രേറ്റ് ബുദ്ധ ക്ഷേത്രത്തിന് തീപിടിച്ചപ്പോഴും സമാനമായ ആശങ്കകള്‍ ഉയര്‍ന്നിരുന്നു.
