മൺട്രിയോൾ: കെബെക്കിലെ ബ്രൊസാർഡിൽ റീസോ എക്സ്പ്രസ് മെട്രോപൊളിറ്റൻ (REM) ട്രെയിൻ ഇടിച്ച് യുവാവ് മരിച്ചു. പത്തൊമ്പതു വയസ്സുള്ള യുവാവാണ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചത്. ഇന്ന് പുലർച്ചെ Du Quartier സ്റ്റേഷന് സമീപമായിരുന്നു അപകടം. പരിക്കേറ്റ മറ്റ് രണ്ട് പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ, 22 വയസ്സുള്ള ഒരാളുടെ നില അതീവ ഗുരുതരമായി തുടരുന്നതായി പോലീസ് അറിയിച്ചു. പരിക്കേറ്റ പത്തൊമ്പതുകാരൻ്റെ നില മെച്ചപ്പെട്ടു. റെയിൽവേ ട്രാക്കിലേക്ക് അതിക്രമിച്ചു കയറിയ യുവാക്കളാണ് അപകടത്തിൽപ്പെട്ടത്.

ഒരു കൂട്ടം യുവാക്കൾ ഹൈവേ 10-ലെ മറികടന്ന് REM ട്രെയിൻ ട്രാക്കുകളിലൂടെ മറുവശത്തേക്ക് പോകാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടം. യുവാക്കൾ ട്രാക്കിലൂടെ നടക്കുമ്പോൾ ട്രെയിൻ അടുത്തെത്തുകയും അവരെ ഇടിക്കുകയുമായിരുന്നെന്ന് പൊലീസ് അറിയിച്ചു. അപകടത്തെ തുടർന്ന് സർവ്വീസുകൾ നിർത്തിവച്ചു. REM ഓപ്പറേറ്റർമാരായ പൾസർ അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. അപകടത്തെ തുടർന്ന് ബ്രൊസാർഡ് മുതൽ മുതൽ പനാമ സ്റ്റേഷൻ വരെയുള്ള REM ട്രെയിൻ സർവ്വീസ് താൽക്കാലികമായി നിർത്തിവച്ചു. ഈ സ്റ്റേഷനുകൾക്കിടയിൽ യാത്രക്കാർക്കായി ഷട്ടിൽ ബസ് സർവ്വീസ് ഒരുക്കിയിട്ടുണ്ട്. പനാമയ്ക്കും ഡ്യൂ-മൊണ്ടാനിസിനും ഇടയിൽ ട്രെയിനുകൾ സാധാരണ നിലയിൽ ഓടുന്നുണ്ട്.
