ജോഹന്നാസ്ബർഗ്: റഷ്യൻ അധിനിവേശം അവസാനിപ്പിക്കാൻ ഡോണൾഡ് ട്രംപ് മുന്നോട്ട് വെച്ച സമാധാന പദ്ധതി തള്ളി കാനഡ. സമാധാനത്തിനുള്ള മാർഗ്ഗം തീരുമാനിക്കാനുള്ള നിയന്ത്രണം യുക്രെയ്നിന് തന്നെയായിരിക്കണമെന്ന് കാനഡ വിദേശകാര്യ മന്ത്രി അനിത ആനന്ദ് വ്യക്തമാക്കി. യുക്രെയ്നിനോട് തന്ത്രപ്രധാനമായ പ്രദേശങ്ങൾ കൈമാറാനും സൈന്യത്തിന്റെ വലുപ്പം കുറയ്ക്കാനും നാറ്റോയിൽ ചേരാതിരിക്കാനും ആവശ്യപ്പെടുന്ന ഈ പദ്ധതി മോസ്കോക്ക് അനുകൂലമാണെന്ന വിമർശനവും ഉയരുന്നുണ്ട്. കൂടാതെ ഈ പദ്ധതിയിൽ കീവിനുള്ള സുരക്ഷാ ഉറപ്പുകൾ പരിമിതമാണ്.

ജി20 ഉച്ചകോടിയിൽ നടന്ന ഒരു യോഗത്തിന് ശേഷം യൂറോപ്യൻ രാജ്യങ്ങൾക്കും ജപ്പാനുമൊപ്പം ചേർന്നാണ് കാനഡ സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. അമേരിക്കൻ ശ്രമങ്ങളെ പിന്തുണച്ചെങ്കിലും, ട്രംപിൻ്റെ പദ്ധതി മെച്ചപ്പെടുത്തണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. പദ്ധതിയുടെ പോരായ്മകൾ ആനന്ദ് കൃത്യമായി വെളിപ്പെടുത്തിയില്ലെങ്കിലും യുക്രെയ്ൻ്റെ ഭൂമിശാസ്ത്രപരമായ പരമാധികാരം പ്രധാനമാണെന്ന ഉറച്ച നിലപാടിലാണ് കാനഡ. ലിംഗസമത്വം, കാലാവസ്ഥാ മാറ്റം തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തി യുഎസ്സിന്റെ ബഹിഷ്കരണം വകവെക്കാതെ ജി20 സംയുക്ത പ്രസ്താവന അംഗീകരിച്ചതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
