ബ്രസല്‍സ് : യൂറോപ്പിന്റെ സമ്പദ്വ്യവസ്ഥയുടെ വളർച്ച മന്ദഗതിയിലായതിൽ ആശങ്ക പ്രകടിപ്പിച്ച് യൂറോപ്യൻ സെൻട്രൽ ബാങ്ക് (ഇസിബി) മേധാവി ക്രിസ്റ്റീൻ ലഗാർഡ്. വ്യാപാരത്തിനും സുരക്ഷയ്ക്കുമായി മറ്റു രാജ്യങ്ങളെ അമിതമായി ആശ്രയിക്കുന്നത് യൂറോപ്യൻ സമ്പദ്വ്യവസ്ഥയെ ദുർബലമാക്കുന്നുണ്ടെന്ന് അവർ മുന്നറിയിപ്പ് നൽകി. ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ നടന്ന യൂറോപ്യൻ ബാങ്കിങ് കോൺഗ്രസ്സിൽ സംസാരിക്കുകയായിരുന്നു അവർ.

സമ്പദ്വ്യവസ്ഥയുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിന് യൂറോപ്യൻ യൂണിയൻ (ഇ.യു.) രാജ്യങ്ങൾക്കിടയിലെ സേവന, ചരക്ക് വ്യാപാരത്തിനുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന നടപടികൾ അനിവാര്യമാണ്. നിലവിലെ തടസ്സങ്ങൾ സേവനങ്ങൾക്ക് 100% താരിഫും സാധനങ്ങൾക്ക് 65% താരിഫും ഈടാക്കുന്നതിന് തുല്യമാണ്. നെതർലൻഡ്സിൻ്റേതിന് സമാനമായ നിലയിലേക്ക് ഈ തടസ്സങ്ങൾ കുറയ്ക്കാൻ കഴിഞ്ഞാൽ, യുഎസ് താരിഫുകൾ ഉണ്ടാക്കുന്ന ആഘാതം പൂർണ്ണമായും മറികടക്കാൻ യൂറോപ്പിന് കഴിയുമെന്നും ലഗാർഡ് അഭിപ്രായപ്പെട്ടു.

യൂറോപ്പ് സ്വന്തം പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെടുകയും, ആഭ്യന്തര വിപണി നിശ്ചലമാകുകയും, യുഎസ് ഓഹരികളിൽ നിക്ഷേപം നടത്തുകയും ചെയ്തത് അമേരിക്കൻ സമ്പദ്വ്യവസ്ഥ യൂറോപ്യൻ യൂണിയനേക്കാൾ വേഗത്തിൽ മുന്നേറാൻ കാരണമായതായും അവർ ചൂണ്ടിക്കാട്ടി. അപൂർവ എർത്ത് ലോഹങ്ങളുടെ വിതരണത്തിൽ ചൈനയ്ക്കുള്ള ആധിപത്യം ഉൾപ്പെടെ, നിർണായക അസംസ്കൃത വസ്തുക്കൾക്കായി മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്നത് യൂറോപ്പിനെ പ്രതികൂലമായി ബാധിച്ചുവെന്നും ഇസിബി മേധാവി വ്യക്തമാക്കി.
