എഡ്മിന്റൻ : പ്രഖ്യാപിച്ച സമരം മണിക്കൂറുകൾക്കുള്ളിൽ പിൻവലിച്ച് ആൽബർട്ട യൂണിയൻ ഓഫ് പ്രൊവിൻഷ്യൽ എംപ്ലോയീസ് (AUPE). ശമ്പളത്തെ ചൊല്ലി തർക്കം രൂക്ഷമായതിനെ തുടർന്ന് 16,000 നഴ്സിങ് കെയർ ജീവനക്കാർ (ലൈസൻസ്ഡ് പ്രാക്ടിക്കൽ നഴ്സുമാർ, ഹെൽത്ത് കെയർ എയ്ഡുകൾ ഉൾപ്പെടെ) ശനിയാഴ്ച രാവിലെ 8:30 ന് സമരം തുടങ്ങുമെന്ന് യൂണിയൻ ബുധനാഴ്ച അറിയിച്ചിരുന്നു.

എന്നാൽ, സമരം തുടങ്ങുന്നതിന് നിമിഷങ്ങൾക്ക് മുമ്പ്, AUPE യുടെയും ആൽബർട്ട ഹെൽത്ത് സർവീസസിന്റെയും (AHS) ചർച്ചാ സംഘം താൽക്കാലിക കരാറിൽ എത്തിയതിനെ തുടർന്നാണ് സമരം പിൻവലിച്ചതെന്ന് AUPE അറിയിച്ചു. ചില അംഗങ്ങൾ പണിമുടക്ക് തുടങ്ങിയിരുന്നുവെങ്കിലും അവരെ തിരികെ ജോലിക്ക് പ്രവേശിക്കാൻ യൂണിയൻ നിർദ്ദേശിച്ചു. ശമ്പള വർധന ഉൾപ്പെടെയുള്ള ശക്തമായ ഓഫറുകൾ കരാറിൽ ഉണ്ടെന്നും, ഇത് കാനഡയിലുടനീളം ആൽബർട്ടയിലെ ശമ്പളം മത്സരാധിഷ്ഠിതമായി നിലനിർത്താൻ സഹായിക്കുമെന്നും ധനകാര്യ മന്ത്രി നെയിറ്റ് ഹോർണർ പറഞ്ഞു. കരാറിലെ വ്യവസ്ഥകൾ യൂണിയൻ അംഗങ്ങൾ വോട്ടിങ്ങിലൂടെ അംഗീകരിക്കേണ്ടതുണ്ട്.
