ഓട്ടവ : കാനഡയിൽ കാലാവസ്ഥ അതിവേഗം മാറിക്കൊണ്ടിരിക്കുന്നതിനാൽ, നിരവധി പ്രവിശ്യാ നിവാസികൾ ശൈത്യകാലത്തെ പ്രതിരോധിക്കാൻ തയ്യാറെടുക്കുകയാണ്. കാനഡയുടെ ചില ഭാഗങ്ങളിൽ ഈ ആഴ്ച മുതൽ സാധാരണയേക്കാൾ കൂടുതൽ തണുപ്പ് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഈ ആഴ്ചയിലെ കാലാവസ്ഥ അവലോകനം ഇതാ :
ആൽബർട്ടയുടെയും സസ്കാച്വാന്‍റെയും ചില ഭാഗങ്ങളിൽ തിങ്കളാഴ്ച കനത്ത മഞ്ഞുവീഴ്ചയ്ക്കും, ദൃശ്യപരത കുറയാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു. തെക്കുകിഴക്കൻ ആൽബർട്ട മുതൽ തെക്ക് പടിഞ്ഞാറൻ സസ്കാച്വാൻ വരെ നീളുന്ന സൈപ്രസ് കുന്നുകൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ 20 സെന്റീമീറ്റർ വരെ മഞ്ഞ് വീഴുമെന്നും പ്രവിശ്യകളിലെ മറ്റ് പ്രദേശങ്ങളിൽ 10 മുതൽ 15 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ചയും പ്രതീക്ഷിക്കുന്നു. ഇത് ഒരു ചെറിയ കാലാവസ്ഥാ പ്രതിഭാസമായിരിക്കുമെന്നും ഇന്ന് രാത്രിയോടെ മഞ്ഞുവീഴ്ച അവസാനിക്കുമെന്നും എൻവയൺമെൻ്റ് കാനഡ അറിയിച്ചു.
കെബെക്കിലും ഒൻ്റാരിയോയിലും ശീതകാല കൊടുങ്കാറ്റ് വീശും. ഈ ആഴ്ച മുഴുവൻ ഇരു പ്രവിശ്യകളെയും ഈ കാലാവസ്ഥാ സംവിധാനം ബാധിക്കും. ടൊറൻ്റോയിൽ ബുധനാഴ്ച താപനില 11 ഡിഗ്രി സെൽഷ്യസിൽ എത്താം. പക്ഷേ വ്യാഴാഴ്ചയോടെ, പകൽ താപനില 1 ഡിഗ്രി സെൽഷ്യസായി കുറയും. ഇതോടെ കനത്ത മഞ്ഞുവീഴ്ച ആരംഭിക്കുമെന്നും ഫെഡറൽ ഏജൻസി അറിയിച്ചു. സുപ്പീരിയർ തടാകത്തിന് ചുറ്റുമുള്ള കമ്മ്യൂണിറ്റികളിൽ 30 സെന്റീമീറ്റർ വരെ മഞ്ഞ് വീഴുമെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു. ഒൻ്റാരിയോയിലെ ടിമ്മിൻസിൽ, വെള്ളിയാഴ്ചയോടെ, പകൽസമയത്ത് ഉയർന്ന താപനില മൈനസ് 8 ഡിഗ്രി സെൽഷ്യസിലേക്ക് താഴും. തുടർന്ന് ശനിയാഴ്ച മൈനസ് 10 ഡിഗ്രി സെൽഷ്യസ് വരെ തണുപ്പ് അനുഭവപ്പെടും.
