ഓട്ടവ : സാൽമൊണെല്ല അണുബാധയെ തുടർന്ന് കാനഡയിലുടനീളം പിസ്തയും പിസ്തയും അടങ്ങിയ ഉൽപ്പന്നങ്ങളും തിരിച്ചുവിളിക്കുന്നത് തുടരുന്നു. കഴിഞ്ഞ ഒന്നര ആഴ്ചയ്ക്കുള്ളിൽ മാത്രം എൺപതിലധികം ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (സിഎഫ്‌ഐഎ) അറിയിച്ചു. നവംബർ 12 നും നവംബർ 24 നും ഇടയിൽ, വറുത്ത ഉപ്പിട്ട പിസ്തയും അസംസ്കൃത കേർണലുകളും മുതൽ പിസ്ത എക്ലെയറുകളും ബക്ലാവയും വരെയുള്ള ആകെ 84 ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ചു. ജൂലൈ 24 ന് ഹബീബി ബ്രാൻഡ് പിസ്ത കേർണലിനെക്കുറിച്ച് സിഎഫ്‌ഐഎ ആരംഭിച്ച ഭക്ഷ്യ സുരക്ഷാ അന്വേഷണത്തിന്‍റെ ഭാഗമാണ് ഈ തിരിച്ചുവിളിക്കൽ.

ബ്രിട്ടിഷ് കൊളംബിയ, ആൽബർട്ട, മാനിറ്റോബ, ഒൻ്റാരിയോ, ന്യൂബ്രൺസ്വിക്, കെബെക്ക്, ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ എന്നീ ഏഴ് പ്രവിശ്യകളിലെ വിവിധ സ്റ്റോറുകളിൽ നിന്നാണ് ഈ ഉൽപ്പന്നങ്ങൾ വിറ്റത്. ചില ഉൽപ്പന്നങ്ങൾ ഓൺലൈൻ വഴിയും വിറ്റതായി ഏജൻസി അറിയിച്ചു. നിലവിലെ തിരിച്ചുവിളിക്കലുകളിൽ ഉൾപ്പെട്ട പിസ്ത ഇറാനിൽ നിന്ന് ഇറക്കുമതി ചെയ്തതാണെന്ന് സിഎഫ്‌ഐഎ റിപ്പോർട്ട് ചെയ്തു.
