ബ്രാംപ്ടൺ : തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ കൈവശം വെച്ച കേസിൽ അറസ്റ്റിലായ മൂന്ന് ഖലിസ്ഥാൻ വിഘടനവാദി നേതാക്കളിൽ രണ്ടു പേരുടെ കുറ്റങ്ങൾ ഒഴിവാക്കിയതായി റിപ്പോർട്ട്. അതേസമയം ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഇന്ദർജീത് സിങ് ഗോസലിനെതിരെയുള്ള കേസ് നിലനിൽക്കുന്നുണ്ട്. സെപ്റ്റംബർ 19 ന് ഓഷവയിൽ നടന്ന വാഹനപരിശോധനയ്ക്കിടെയാണ് ഇന്ദർജീത് സിങ് ഗോസലിനൊപ്പം ടൊറൻ്റോയിൽ നിന്നുള്ള അർമാൻ സിങ്, ന്യൂയോർക്ക് നിവാസിയായ ജഗ്ദീപ് സിങ് എന്നിവർ അറസ്റ്റിലായത്. എന്നാൽ ജഗ്ദീപിനും അർമാനുമെതിരായ എല്ലാ കുറ്റങ്ങളും ഒഴിവാക്കിയതായി പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അശ്രദ്ധമായി തോക്ക് ഉപയോഗിക്കുക, അപകടകരമായ ഉദ്ദേശ്യത്തിനായി ആയുധം കൈവശം വയ്ക്കുക തുടങ്ങി നിരവധി കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്.

പ്രമുഖ സിഖ് ആക്ടിവിസ്റ്റും ഖലിസ്ഥാൻ പ്രസ്ഥാനത്തിലെ അംഗവുമാണ് 36 വയസ്സുള്ള ഇന്ദർജീത് ഗോസൽ. സിഖ് സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ വക്താവും സിഖ്‌സ് ഫോർ ജസ്റ്റിസിന്റെ കനേഡിയൻ ചാപ്റ്ററിന്റെ നേതാവുമാണ് ഇയാൾ. 2023-ൽ ബ്രിട്ടിഷ് കൊളംബിയയിലെ സറേയിൽ ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാർ വെടിയേറ്റ് കൊല്ലപ്പെട്ടതിന് ശേഷമാണ് ഗോസൽ കനേഡിയൻ ചാപ്റ്ററിന്റെ നേതാവായി ചുമതലയേറ്റത്. ബ്രാംപ്ടണിൽ നടന്ന പ്രകടനങ്ങളെത്തുടർന്ന് ഗോസലിനെ മുമ്പ് അറസ്റ്റ് ചെയ്യുകയും ആയുധം ഉപയോഗിച്ചുള്ള ആക്രമണത്തിന് കുറ്റം ചുമത്തുകയും ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.
