ടൊറൻ്റോ : കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ഒൻ്റാരിയോയിലെ ഹൈവേകൾ അടച്ചു. കോക്രെയ്‌നിലെ വെസ്റ്റേൺ അവന്യൂവിനും കപുസ്‌കാസിങിലെ റിവർസൈഡ് ഡ്രൈവിനും ഇടയിൽ ഹൈവേ 11 അടച്ചിട്ടതായി ഒൻ്റാരിയോ പ്രൊവിൻഷ്യൽ പൊലീസ് അറിയിച്ചു. കൂടാതെ ടിമ്മിൻസിലെ കിഡ് ക്രീക്ക് മൈൻ റോഡിനും ഹൈവേ 11 നും ഇടയിൽ ഹൈവേ 655 അടച്ചിട്ടിരിക്കുകയാണ്. അത്യാവശ്യമില്ലെങ്കിൽ ഈ പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. പ്രതികൂല കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ കൂടുതൽ റോഡുകൾ അടച്ചേക്കുമെന്നും ഒപിപി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ശൈത്യകാല കൊടുങ്കാറ്റിനെ തുടർന്ന് ബുധനാഴ്ച, വടക്കൻ ഒൻ്റാരിയോയിൽ കനത്ത മഞ്ഞുവീഴ്ച തുടരുകയാണ്. തണ്ടർ ബേ, ചാപ്ലിയോ, വാവ, ടിമ്മിൻസ്, മൂസോണി എന്നിവിടങ്ങളിലും സമാനമായ അവസ്ഥയാണ് നിലവിലുള്ളത്. ചില പ്രദേശങ്ങളിൽ വ്യാഴാഴ്ച രാത്രിയോടെ 60 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഹ്യൂറോൺ കൗണ്ടി, പോർട്ട് എൽജിൻ, മൗണ്ട് ഫോറസ്റ്റ്, കിച്ചനർ, ഗ്വൽഫ് എന്നിവിടങ്ങളിൽ വ്യാഴാഴ്ച രാവിലെ മുതൽ ശനിയാഴ്ച വരെ 30 മുതൽ 50 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നു.
