വാഷിങ്ടൺ : യുഎസിലെ ദേശീയോദ്യാനങ്ങൾ സന്ദർശിക്കാനൊരുങ്ങുന്ന വിദേശ വിനോദ സഞ്ചാരികളുടെ കീശ കീറും. ഗ്രാൻഡ് കാന്യൻ, യെല്ലോസ്റ്റോൺ ഉൾപ്പെടെയുള്ള യുഎസ് ദേശീയോദ്യാനങ്ങൾ സന്ദർശിക്കുന്ന വിദേശ വിനോദസഞ്ചാരികൾക്കുള്ള പ്രവേശന ഫീസ് കുത്തനെ ഉയർത്തി ട്രംപ് ഭരണകൂടം. അടുത്ത വർഷം മുതൽ വിദേശ സന്ദർശകർ, യുഎസിലെ 11 ദേശീയോദ്യാനങ്ങളിൽ പ്രവേശിക്കുന്നതിന് നിലവിലെ പ്രവേശന ഫീസിന് പുറമെ 100 ഡോളർ അധികമായി നൽകേണ്ടി വരും. അമേരിക്കൻ ടൂറിസത്തിൻ്റെ അമൂല്യ സമ്പത്തായി കണക്കാക്കപ്പെടുന്ന 63 ഔദ്യോഗിക ദേശീയോദ്യാനങ്ങളിൽ വർഷം തോറും കോടിക്കണക്കിന് സന്ദർശകരാണ് എത്തുന്നത്.

വിദേശികൾക്കായി എല്ലാ പാർക്കുകളിലുമുള്ള വാർഷിക പാസിന്റെ വില മൂന്നിരട്ടിയായി വർധിപ്പിച്ച് 250 ഡോളറാക്കുമെന്നും യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ദി ഇന്റീരിയർ അറിയിച്ചു. ഭാവി തലമുറകള്‍ക്കായി ദേശീയോധ്യാനങ്ങളെ പരിപാലിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമാണ് ഫീസ് വർധന നടപ്പിലാക്കുന്നതെന്ന് ഇന്റീരിയർ സെക്രട്ടറി ഡഗ് ബര്ഗത്ത് പറയുന്നു. അതേസമയം, അമേരിക്കൻ പൗരന്മാർക്ക് നിലവിലുള്ള ഫീസ് തന്നെ തുടരും. നിലവിൽ, എല്ലാ പാർക്കുകളിലും പരിധിയില്ലാത്ത വാർഷിക പ്രവേശനം നൽകുന്ന “അമേരിക്ക ദി ബ്യൂട്ടിഫുൾ” പാസിന് 80 ഡോളറാണ് ഈടാക്കുന്നത്.
