അബുദാബി: മധ്യപൂര്‍വദേശ, വടക്കന്‍ ആഫ്രിക്കന്‍ മേഖലയില്‍ ചരിത്രം കുറിച്ച്, അബുദാബിയില്‍ ഡ്രൈവറില്ലാത്ത റോബോടാക്സി സേവനം വാണിജ്യാടിസ്ഥാനത്തില്‍ ആരംഭിച്ചു. യുഎഇയുടെ ഗതാഗത മേഖലയിലെ സുപ്രധാന കാല്‍വെപ്പാണിത്. വി-റൈഡ് എന്ന കമ്പനിയും ഊബറുമാണ് സംയുക്തമായി ഈ അത്യാധുനിക സര്‍വീസ് നടത്തുന്നത്.
ഡ്രൈവറോ വാഹന വിദഗ്ദ്ധനോ ഇല്ലാതെ തന്നെ പ്രവര്‍ത്തിക്കുന്ന ഈ റോബോ ടാക്സികള്‍ നിലവില്‍ യാസ് ഐലന്‍ഡ്, സാദിയാത്ത് ഐലന്‍ഡ്, അല്‍ റീം ഐലന്‍ഡ്, അല്‍ മരിയ ഐലന്‍ഡ് എന്നിവിടങ്ങളിലും സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്കും തിരിച്ചുമുള്ള യാത്രകള്‍ക്ക് ലഭ്യമാകും.

യാത്രക്കാര്‍ക്ക് ഊബര്‍ കംഫര്‍ട്ട്, ഊബര്‍ എക്സ്, ഓട്ടോണമസ് എന്നീ ആപ്പുകള്‍ ഉപയോഗിച്ച് ടാക്സി ബുക്ക് ചെയ്യാം. ലക്ഷ്യസ്ഥാനം പറഞ്ഞുകൊടുത്താല്‍ റോബോടാക്സി കൃത്യമായി അവിടെയെത്തിക്കും. യാത്രാക്കൂലി ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് വഴി നല്‍കാവുന്നതാണ്. നിലവില്‍, രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെയാണ് സേവനം ലഭ്യമാകുന്നത്.
2024 ഡിസംബറിലാണ് വി-റൈഡും ഊബറും ചേര്‍ന്ന് അബുദാബിയില്‍ റോബോടാക്സിയുടെ പരീക്ഷണയോട്ടം ആരംഭിച്ചത്. ഘട്ടം ഘട്ടമായുള്ള വിജയകരമായ പരീക്ഷണങ്ങള്‍ക്ക് ശേഷം ജൂലൈയില്‍ അല്‍ റീം ഐലന്‍ഡിലേക്കും അല്‍ മരിയ ഐലന്‍ഡിലേക്കും സേവനം വ്യാപിപ്പിച്ചു. ഡിസംബറോടെ നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലേക്ക് കൂടി സേവനം വിപുലീകരിക്കാനാണ് കമ്പനികളുടെ ലക്ഷ്യം. നിലവില്‍ മധ്യപൂര്വദേശത്തുമാത്രം വി-റൈഡിന് നൂറിലേറെ റോബോടാക്സികളുണ്ട്.
