Thursday, November 27, 2025

ആൽബർട്ടയുമായി ചേർന്ന്‌ പുതിയ എണ്ണ‌ പൈപ്പ്‌ ലൈൻ കരാർ; മാർക്ക്‌ കാർണി ഇന്ന്‌ പ്രഖ്യാപിക്കും

ഓട്ടവ: ശക്തമായ പാരിസ്ഥിതിക നിയന്ത്രണങ്ങൾക്ക് പകരമായി പുതിയ എണ്ണ പൈപ്പ്‌ലൈനിന് വഴിയൊരുക്കുന്ന കരാർ പ്രധാനമന്ത്രി മാർക്ക് കാർണി ആൽബർട്ട പ്രവിശ്യയുമായി ചേർന്ന്‌ ഇന്ന്‌ പ്രഖ്യാപിക്കും. പശ്ചിമ തീരത്തേക്ക്‌ പുതിയ എണ്ണ പൈപ്പ്‌ലൈൻ സ്ഥാപിക്കാൻ വഴിയൊരുക്കുന്ന കരാറാണ്‌ ഇന്ന്‌ നിലവിൽ വരുന്നത്‌. പദ്ധതി നടപ്പിലാക്കുന്നതിനൊപ്പം കാർബൺ നികുതി ഉൾപ്പെ‌‍ടെയുള്ള ശക്തമായ പാരിസ്ഥിതിക നിയമങ്ങൾ ആൽബർട്ട അംഗീകരിക്കണമെന്നാണ്‌ കരാറിൻ്റെ ധാരണ. അതേ സമയം കരാർ നിലവിൽ വരുന്നതോടെ ഓട്ടവയുടെ കടുപ്പമേറിയ കാലാവസ്ഥാ നിയമങ്ങളിൽ നിന്ന് ആൽബർട്ടയ്‌ക്ക്‌ ഇളവ്‌ ലഭിക്കും. ബ്രിട്ടീഷ് കൊളംബിയയുടെ വടക്കൻ തീരത്തുള്ള കപ്പൽ ഗതാഗതത്തിന് നിലവിലുള്ള ടാങ്കർ നിരോധനം കരാർ നടപ്പിലാക്കുന്നതിലെ പ്രധാന തടസ്സമാണ്. നിരോധനം ഒഴിവാക്കുമോ എന്ന കാര്യത്തിൽ കാൽഗറിയിൽ വച്ചു നടക്കുന്ന കരാർ പ്രഖ്യാപന വേളയിൽ വ്യക്തത വരുത്തും.

ഇതൊരു വലിയ സംരംഭമാണെന്നും കരാർ ഏറെ പ്രതീക്ഷയോ‌‍ടെയാണ്‌ കാണുന്നതെന്നും ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്‌മിത്ത്‌ പറഞ്ഞു. രാജ്യത്തിന് വേണ്ടിയുള്ള ‘വലിയ വിലപേശൽ’ ആയിരിക്കും ഇത്‌. ബ്രിട്ടീഷ് കൊളംബിയ സർക്കാരിന്റെയും അവിടുത്തെ തദ്ദേശീയ വിഭാഗങ്ങളുടെയും പൂർണ്ണ അംഗീകാരം ലഭിച്ചാൽ മാത്രമേ പൈപ്പ്‌ലൈൻ പദ്ധതിയുമായി മുന്നോട്ട് പോകാൻ കഴിയൂ എന്ന് പ്രധാനമന്ത്രി കാർണി ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. കാനഡയെ ഒരു ഊർജ്ജ സൂപ്പർ പവറാക്കി ഉയർത്തുന്നതാണ്‌ ലക്ഷ്യമെന്നാണ്‌ കാർണിയുടെ നിലപാട്‌. കരാർ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പ
ടുക്കുകയും കാനഡയെ സുസ്ഥിരമാക്കുകയും ചെയ്യും. ബ്രിട്ടീഷ് കൊളംബിയയുടെ വടക്കൻ തീരത്തുള്ള പ്രദേശങ്ങളിൽ 12,500 മെട്രിക് ടണ്ണിൽ കൂടുതൽ അസംസ്കൃത എണ്ണ ടാങ്കറുകൾ കൊണ്ടുപോകുന്നതിലാണ്‌ ഫെഡറൽ സർക്കാർ എന്ത്‌ നിലപാട്‌ സ്വീകരിക്കുമെന്ന ആകാംക്ഷ നിലനിൽക്കുന്നത്‌. മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ കീഴിൽ 2019 ൽ ടാങ്കർ നിരോധനം നിയമമാക്കിയിരുന്നു. ആൽബർട്ട സർക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണിത്. അതേ സമയം നിരോധനം നിലനിർത്തണമെന്നാണ്‌ ബ്രിട്ടീഷ് കൊളംബിയ പ്രീമിയർ ഡേവിഡ് എബി ശക്തമായി ആവശ്യപ്പെട്ടിരിക്കുന്നത്‌.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!