ന്യൂഡൽഹി : മധ്യപ്രദേശിൽ പരുക്കേറ്റ നിലയിൽ കണ്ടെത്തി ചികിത്സ നൽകി വിട്ടയച്ച ‘യുറേഷ്യൻ ഗ്രിഫൺ’ കഴുകൻ, നാല് രാജ്യങ്ങളുടെ വ്യോമാതിർത്തികളിലൂടെ പറന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിയത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, കസാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളുടെ വ്യോമാതിർത്തികളിലൂടെ സഞ്ചരിച്ച മാരീചിനെ ഇന്ത്യൻ സമൂഹ മാധ്യമ ഉപയോക്താക്കൾ ‘ധൈര്യശാലി’ എന്നാണ് വിശേഷിപ്പിച്ചത്.

ഈ വർഷം ജനുവരിയിൽ മധ്യപ്രദേശിലെ സത്‌ന ജില്ലയിലെ നാഗൗർ ഗ്രാമത്തിലാണ് പരുക്കേറ്റ മാരീചിനെ കണ്ടെത്തിയത്. മുക്തിന്ദ്പൂർ മൃഗശാലയിൽ ചികിത്സ നൽകിയ ശേഷം ഭോപ്പാലിലെ വാൻ വിഹാർ ദേശീയോദ്യാനത്തിൽ പാർപ്പിച്ചു. വിദഗ്ദ്ധരുടെ മേൽനോട്ടത്തിൽ ട്രാക്കിങ് ഉപകരണങ്ങൾ ഘടിപ്പിച്ച ശേഷം, മാർച്ച് 29 ന് വിദിഷയിലെ ഹലാലി അണക്കെട്ടിൽ നിന്ന് മാരീചിനെ കാട്ടിലേക്ക് വിട്ടയച്ചു. സ്വതന്ത്രനായ ശേഷം മാരീച് ഇന്ത്യയുടെ അതിർത്തികൾ കടന്ന് പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, കസാഖിസ്ഥാൻ എന്നീ നാല് രാജ്യങ്ങളിലൂടെ സഞ്ചരിച്ചു. ഏകദേശം 15,000 കിലോമീറ്റർ ദൂരം സഞ്ചരിച്ച് മാരീച് പിന്നീട് ഇന്ത്യയിലേക്ക് തന്നെ തിരിച്ചെത്തി.

ഐഎഫ്എസ് ഉദ്യോഗസ്ഥൻ ഹിമാൻഷു ത്യാഗി മാരീചിൻ്റെ യാത്രാവിവരങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചതോടെയാണ് സംഭവം വൈറലായത്. ‘വീസയോ പാസ്പോർട്ടോ ഇല്ലാതെ പാക് വ്യോമാതിർത്തി ഭേദിച്ച ധീരൻ’ എന്നാണ് പലരും മാരീചിനെ വിശേഷിപ്പിച്ചത്. മനുഷ്യർക്ക് എപ്പോഴാണ് യഥാർത്ഥത്തിൽ സ്വതന്ത്രരാകാൻ കഴിയുകയെന്ന് മറ്റൊരു കാഴ്ചക്കാരന്‍ സന്ദേഹിയായി. മൃഗങ്ങൾക്ക് ഒരു നിയമം മാത്രമേ ഉള്ളൂ, വിശപ്പിന്‍റെ നിയമം. അവ മറ്റുള്ളവരെ ഇരയാക്കുമ്പോൾ. എന്നാൽ, മറ്റ് സമയങ്ങളിൽ അവ ‘സ്വതന്ത്ര പക്ഷികൾ’ ആണെന്ന് മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചു.
