ഹാലിഫാക്സ് : കോവിഡ് കാലത്ത് കുറഞ്ഞ ഓപിയോയിഡിന്റെ അമിത ഉപയോഗം മൂലമുള്ള മരണനിരക്കുകൾ, നോവസ്കോഷയിൽ വീണ്ടും ഉയർന്നതായി പഠനം. 2019 മുതൽ 2021 വരെ ഓപിയോയിഡ് മരണങ്ങൾ കുറഞ്ഞെങ്കിലും, അതിനുശേഷം ഇത്തരം സംഭവങ്ങൾ വർധിക്കുകയായിരുന്നുവെന്ന് ഡൽഹൗസി സർവകലാശാലയുടെ പുതിയ പഠനം റിപ്പോർട്ട് ചെയ്യുന്നു. നിയമവിരുദ്ധമായ ഓപിയോയിഡുകൾ ഉപയോഗിച്ചതിനാലുള്ള മരണങ്ങളിലെ വർധനയാണ് ഈ കുതിച്ചുചാട്ടത്തിന് പ്രധാന കാരണമെന്നാണ് പഠനത്തിൽ പറയുന്നത്. വീര്യം കൂടിയ ഫെന്റനൈൽ പോലുള്ള മരുന്നുകൾ, നിയമവിരുദ്ധ വിതരണ ശൃംഖലയിൽ കൂടുതലായി കലരുന്നതാണ് മരണനിരക്ക് ഉയരാൻ കാരണം.

മറ്റ് കനേഡിയൻ പ്രവിശ്യകളെ അപേക്ഷിച്ച് നോവസ്കോഷയിൽ നിയമപരമായ ഓപിയോയിഡുകൾ മൂലമുള്ള മരണങ്ങളാണ് കൂടുതലായി രേഖപ്പെടുത്തുന്നതെന്നും പഠനം എടുത്തുപറയുന്നു. 2024-ൻ്റെ ആദ്യ പാദത്തിൽ മാത്രം 15 ഓപിയോയിഡ് മരണങ്ങളാണ് പ്രവിശ്യയിൽ രേഖപ്പെടുത്തിയത്. നോവസ്കോഷയിലെ മരണനിരക്ക് ഉയരുന്നതിൽ നിയമവിരുദ്ധ മരുന്നുകൾ പ്രധാന പങ്കുവഹിക്കുന്നതായും ഡൽഹൗസി ഗവേഷകർ നിരീക്ഷിച്ചു.
