ടൊറൻ്റോ : ഈ ആഴ്ച തെക്കൻ ഒൻ്റാരിയോയുടെ ചില ഭാഗങ്ങളിൽ കനത്ത കാറ്റും മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ചില വടക്കൻ പ്രദേശങ്ങളിൽ 60 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ചയാണ് പ്രതീക്ഷിക്കുന്നത്. വാവ മുതൽ ടിമ്മിൻസ് വരെയും വടക്ക് മൂസോണി വരെയും പ്രവിശ്യയുടെ ഒരു ഭാഗത്ത് 30 മുതൽ 60 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ മേഖലയിൽ വെള്ളിയാഴ്ച വരെ ദൃശ്യപരത പൂജ്യത്തോടടുത്തായിരിക്കും.

ജോർജിയൻ ബേയുടെ തെക്കൻ തീരങ്ങൾ ഉൾപ്പെടെ മധ്യ ഒൻ്റാരിയോയിലെ നിരവധി പ്രദേശങ്ങളിൽ ശനിയാഴ്ച വരെ 30 സെന്റീമീറ്ററിലധികം മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു. ഗ്രേറ്റർ ടൊറൻ്റോ മേഖലയിൽ കാര്യമായ മഞ്ഞുവീഴ്ച ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, മണിക്കൂറിൽ 90 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. പൊതുജനങ്ങൾ കാലാവസ്ഥാ പ്രവചനങ്ങൾ നിരീക്ഷിക്കണമെന്നും യാത്ര ചെയ്യുമ്പോൾ ജാഗ്രത പാലിക്കണമെന്നും എൻവയൺമെൻ്റ് കാനഡ നിർദ്ദേശിച്ചു.
