വൻകൂവർ: ബ്രിട്ടീഷ് കൊളംബിയയിൽ മാരകമായ മയക്കുമരുന്നുകളുടെ വിതരണം കൂടുമ്പോഴും കനേഡിയൻ ആരോഗ്യ ഏജൻസിയായ ഹെൽത്ത് കാനഡയുടെ ഭാഗത്ത് നിന്ന് അടിയന്തര ഇടപെടൽ ഉണ്ടാകാത്തത് അത്ഭുതമാണെന്ന് ഡ്രഗ് യൂസർ ലിബറേഷൻ ഫ്രണ്ടിന്റെ (DULF) സഹസ്ഥാപകനായ ജെറമി കാലിക്കം. ബി.സി സുപ്രീം കോടതിയിൽ നടന്ന വിസ്താരത്തിനിടെയായിരുന്നു കാലിക്കത്തിൻ്റെ മൊഴി. മയക്കുമരുന്ന് കൈവശം വെച്ച കുറ്റത്തിന് കാലിക്കം ഉൾപ്പെടെയുള്ള സഹസ്ഥാപകർ കുറ്റക്കാരാണെന്ന് ഈ മാസം കോടതി കണ്ടെത്തിയിരുന്നു. ഭരണഘടനാ വെല്ലുവിളിയുമായി ബന്ധപ്പെട്ട് വിധി വരുന്നത് വരെ ഇവരുടെ ശിക്ഷാവിധി നിർത്തിവച്ചിരിക്കുകയാണ്. ഫാർമസ്യൂട്ടിക്കൽ-ഗ്രേഡ് ഹെറോയിൻ, കൊക്കെയ്ൻ, മെത്താംഫെറ്റാമൈൻ എന്നിവ ലഭ്യമാക്കുകയായിരുന്നു DULF വിൻ്റെ ലക്ഷ്യം അതേ സമയം ഇവയുടെ വിതരണത്തിനായി ലൈസൻസുള്ള വിതരണക്കാരനെ ലഭിക്കാൻ നിർമ്മാതാക്കളെ നിലവിലെ നിയന്ത്രണ ചട്ടക്കൂട് അനുവദിച്ചതുമില്ല.

ഇതോടെ ക്ലബ്ബിന് ശുദ്ധമായ ഉത്പന്നങ്ങൾ ലഭിക്കാൻ ഡാർക്ക് വെബിനെ ആശ്രയിക്കേണ്ടതായി വന്നുവെന്നും ഹെൽത്ത് കാനഡ ഈ നിർദ്ദേശം പരിഗണിച്ചതിൽ കാണിച്ച ഗൗരവമില്ലായ്മ തന്നെ അത്ഭുതപ്പെടുത്തിയെന്നും കാലിക്കം കോടതിയിൽ മൊഴി നൽകി. ബിസിയിൽ ഏറ്റവും മോശമായ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ നിലനിൽക്കുമ്പോഴും, അതേ വിഷയത്തിൽ ആരുമായും ഇടപെടാൻ ഹെൽത്ത് കാനഡ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ക്ളബിൻ്റെ പ്രവർത്തനങ്ങളെക്കുറിച്ച് മാധ്യമങ്ങളുമായി സംസാരിച്ചത് പൊതുജനശ്രദ്ധ ലഭിക്കാനായിരുന്നു. ക്ളബിൻ്റെ സുതാര്യതയ്ക്ക് അത് അത്യാവശ്യവുമായിരുന്നു. ‘ദി ഇക്കണോമിസ്റ്റ്’ മാസികയിലെ ലേഖനം ഉൾപ്പെടെ ഉണ്ടായ മാധ്യമശ്രദ്ധ, ക്ലബ്ബിന്റെ സ്ഥാപകരായ തങ്ങളുടെ അറസ്റ്റിന് കാരണമായെന്ന് വിശ്വസിക്കുന്നതായും കാലിക്കം പറഞ്ഞു. വൻകൂവർ കോസ്റ്റൽ ഹെൽത്ത് അതോറിറ്റിയിൽ നിന്നും ക്ളബിന് ലഭിച്ച സഹായം മയക്കുമരുന്ന് പരിശോധനയ്ക്കായി ഉപയോഗിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.
