വത്തിക്കാൻ സിറ്റി: ജർമനിയിലെ ഏറ്റവും പഴയ രൂപതകളിലൊന്നായ മയിൻസ് രൂപതയുടെ സഹായ മെത്രാനായി സീറോമലബാർ സഭാംഗമായ ഫാ. ഡോ. ജോഷി ജോർജ് പൊട്ടയ്ക്കലിനെ ലിയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു. ജർമനിയിൽ ഇതാദ്യമായാണ് ഒരു ഇന്ത്യൻ വൈദികൻ മെത്രാനാകുന്നത്. മയിൻസ് രൂപതയുടെ വികാരി ജനറാളായി സേവനം ചെയ്യുന്നതിനിടെയാണു പുതിയ നിയമനം.

കോതമംഗലം രൂപതയിലെ മൂവാറ്റുപുഴ മീങ്കുന്നം ഇടവകാംഗമായ ഡോ. ജോഷി ജോർജ് പൊട്ടയ്ക്കല്‍ ഓർഡർ ഓഫ് കാർമലൈറ്റ്സ് (OCARM) സന്യാസ സമൂഹത്തിന്റെ ഇന്ത്യൻ പ്രോവിൻസിലെ അംഗമാണ്. മീങ്കുന്നം പൊട്ടയ്ക്കൽ പരേതരായ ജോർജിൻ്റെയും ഏലിയാമ്മയുടെയും രണ്ടാമത്തെ മകനാണ്. ഓർഡർ ഓഫ് കാർമലൈറ്റ്സ് സന്യാസ സമൂഹത്തിലെ തന്നെ അംഗമായ ജ്യേഷ്ഠസഹോദരൻ ഫാ. ജോയ്സ് പൊട്ടയ്ക്കൽ കാനഡയിൽ സേവനം ചെയ്യുന്നു. മൂവാറ്റുപുഴ നിർമല കോളജിലെ അസി. പ്രഫസർ ജോബിയാണ് മറ്റൊരു സഹോദരൻ.
