Thursday, November 27, 2025

ഇനി ഭക്ഷ്യസുരക്ഷാ നിയമം കർശനം; ബിൽ- 11 അവതരിപ്പിച്ച് ആൽബർട്ട

എഡ്മി​ന്റൻ : ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാൻ പുതിയ ബിൽ അവതരിപ്പിച്ച് ആൽബർട്ട സർക്കാർ. പ്രൈമറി ആന്റ് പ്രിവന്റീവ് ഹെൽത്ത് സർവീസസ് മന്ത്രി അഡ്രിയാന ലാഗ്രാഞ്ച് നിയമസഭയിൽ ‘ബിൽ -11’ (ഹെൽത്ത് സ്റ്റാറ്റ്യൂട്ട്സ് അമെൻഡ്‌മെന്റ് ആക്ട്) അവതരിപ്പിച്ചു. നിലവിലുള്ള സംവിധാനത്തിലെ സുതാര്യതയില്ലായ്മയും, നിയമലംഘകരെ വേണ്ടത്ര നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയും ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് സുപ്രധാന നീക്കം.

കഴിഞ്ഞ ഒക്ടോബറിൽ ഒരു പ്രമുഖ മാധ്യമസ്ഥാപനവും മാക്ഈവൻ സർവ്വകലാശാലയും സംയുക്തമായി നടത്തിയ അന്വേഷണത്തിൽ പ്രവശ്യയിലെ ഭക്ഷണശാലകളിലെ സുരക്ഷാ വീഴ്ചകൾ തുറന്നുകാട്ടിയിരുന്നു. പരിശോധനകൾ കൃത്യമായി നടക്കാത്തതും, വീണ്ടും വീണ്ടും നിയമം തെറ്റിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ സാധിക്കാത്തതും ഈ റിപ്പോർട്ടിൽ എടുത്തുപറഞ്ഞു. 2023-ൽ കാൽഗറിയിലെ ശിശുസംരക്ഷണ കേന്ദ്രങ്ങളിലുണ്ടായ ഇ-കോളി ബാധയെക്കുറിച്ചുള്ള റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചാണ് ഇപ്പോൾ സർക്കാർ നടപടി സ്വീകരിക്കുന്നത്.

നിയമലംഘനങ്ങൾ അന്വേഷിക്കുന്നതിനായി ഒരു പ്രത്യേക ടീമിനെ രൂപീകരിക്കുമെന്ന് ബില്ലിലെ പ്രധാന വ്യവസ്ഥകളിൽ പറയുന്നു. നിയമം തെറ്റിക്കുന്നവർക്ക് കനത്ത പിഴ ചുമത്താനും സ്ഥാപനങ്ങൾ അടച്ചുപൂട്ടാനും ഉൾപ്പെടെയുള്ള അധികാരം ഈ ടീമിന് ഉണ്ടാകും.റസ്റ്ററന്റുകളിലെ ജീവനക്കാർക്ക് ഭക്ഷണ കൈകാര്യം ചെയ്യുന്നതിൽ നിർബന്ധിത സൗജന്യ പരിശീലനം നൽകും. കൂടാതെ, മറ്റ് നഗരങ്ങളിലെ പോലെ ഭക്ഷണശാലകളുടെ സുരക്ഷാ നിലവാരം സൂചിപ്പിക്കുന്ന ‘കളർ കോഡഡ്’ അടയാളങ്ങൾ സ്ഥാപനത്തിന്റെ മുൻഭാഗത്ത് പ്രദർശിപ്പിക്കുന്നത് നിർബന്ധമാക്കാനും ആലോചനയുണ്ട്. പരിശോധനാ റിപ്പോർട്ടുകൾ പൊതുജനങ്ങൾക്ക് എളുപ്പത്തിൽ ലഭിക്കുന്നതിനായി ആരോഗ്യവകുപ്പിന്റെ വെബ്സൈറ്റും ഉടൻ പരിഷ്കരിക്കും. നിയമം പാലിക്കാത്തവരെ കർശനമായി നേരിടാനാണ് സർക്കാരിന്റെ നീക്കമെന്ന് മന്ത്രി ലാഗ്രാഞ്ച് വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!