ഓട്ടവ : സാൽമൊണെല്ല അണുബാധയെ തുടർന്ന് സെലിബ്രേഷൻ ഹെർബൽസ് ബ്രാൻഡ് സെന്ന ലീഫ് ഹെർബൽ ടീ തിരിച്ചു വിളിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി റിപ്പോർട്ട് ചെയ്തു. 24 ടീ ബാഗുകളുടെ (42 ഗ്രാം) പായ്ക്കറ്റിൽ വിൽക്കുന്ന ഈ ചായ ഒൻ്റാരിയോ, ബ്രിട്ടിഷ് കൊളംബിയ, ന്യൂബ്രൺസ്വിക് പ്രവിശ്യകളിൽ ഓൺലൈനായി വിതരണം ചെയ്തതായി ഫെഡറൽ ഏജൻസി അറിയിച്ചു.

ഉപഭോക്താക്കൾ ഈ ഉൽപ്പന്നം ഉപയോഗിക്കരുതെന്നും അവ ഉപേക്ഷിക്കുകയോ വാങ്ങിയ സ്റ്റോറിൽ തിരികെ നൽകുകയോ വേണമെന്ന് ഏജൻസി നിർദ്ദേശിച്ചു. സാൽമൊണെല്ല കലർന്ന ഭക്ഷണം കേടായതായി കാണപ്പെടുകയോ ചീത്ത മണം ഉണ്ടാവുകയോ ഇല്ല. എന്നാൽ, ഗുരുതരമായ രോഗങ്ങൾക്ക് കാരണമാകും. നിലവിൽ തിരിച്ചുവിളിച്ച ഈ ചായയുമായി ബന്ധപ്പെട്ട് യാതൊരു അസുഖങ്ങളും ഉണ്ടായിട്ടില്ലെന്നും ഏജൻസി അറിയിച്ചു. തിരിച്ചുവിളിക്കപ്പെട്ട ഉൽപ്പന്നം കഴിച്ച് ആർക്കെങ്കിലും അസുഖം വന്നാൽ, ഉടൻ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണം.
