എഡ്മിന്‍റൻ : അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്കൻ ആൽബർട്ടയിൽ തുടർച്ചയായ മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് എൻവയൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ (ECCC) മുന്നറിയിപ്പ് നൽകി. 15 മുതൽ 20 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ചയാണ് പ്രതീക്ഷിക്കുന്നത്. റോഡുകൾ, നടപ്പാതകൾ തുടങ്ങിയവിടങ്ങളിൽ മഞ്ഞ് അടിഞ്ഞുകൂടുന്നതും ദൃശ്യപരത കുറയുന്നതും യാത്രയെ ബാധിക്കും.

ഇന്ന് ഉച്ചകഴിഞ്ഞ് മഞ്ഞുവീഴ്ച ആരംഭിക്കും. വൈകുന്നേരത്തോടെ മഞ്ഞുവീഴ്ച തീവ്രമാവുകയും വെള്ളിയാഴ്ച രാവിലെ വരെ തുടരുകയും ചെയ്യും, കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാല്‍ഗറിയില്‍ ഒന്ന് മുതല്‍ മൂന്ന് സെന്റീമീറ്റര്‍ വരെ മഞ്ഞുവീഴ്ച ഉണ്ടാകാന്‍ സാധ്യതയുണ്ട്. ചിലപ്പോൾ ഇത് അഞ്ച് സെന്റീമീറ്റര്‍ വരെ ഉയരുമെന്നും ഏജൻസി പറയുന്നു. വാരാന്ത്യത്തോടെ, കാല്‍ഗറിയില്‍ രാത്രി താപനില മൈനസ് 20 ഡിഗ്രി സെല്‍ഷ്യസിലേക്ക് അടുക്കാനും തണുപ്പുള്ള കാറ്റിനൊപ്പം അതിനെക്കാള്‍ കൂടുതല്‍ തണുപ്പ് അനുഭവപ്പെടാനും സാധ്യതയുണ്ട്.
