ഓട്ടവ : മാർക്ക് കാർണി മന്ത്രിസഭയിൽ നിന്ന് രാജിവെച്ച് മുൻ പരിസ്ഥിതി മന്ത്രിയും നിലവിലെ കനേഡിയൻ ഐഡൻ്റിറ്റി ആൻഡ് കൾച്ചർ മന്ത്രിയുമായ സ്റ്റീവൻ ഗിൽബോൾട്ട്. വെസ്റ്റ് കോസ്റ്റിലേക്ക് എണ്ണ പൈപ്പ്‌ലൈൻ നിർമ്മിക്കാനുള്ള കരാറുകൾ ഉൾപ്പെടുന്ന സുപ്രധാന ധാരണാപത്രത്തിൽ കാർണിയും ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്തും ഒപ്പുവെച്ചതിന് തൊട്ടുപിന്നാലെയാണ് രാജി. പുതിയ എണ്ണ പൈപ്പ്‌ലൈൻ നിർമ്മിക്കുന്ന കാര്യത്തിൽ ഗിൽബോൾട്ട് അതൃപ്തനായിരുന്നതായി സൂചനയുണ്ട്.

അതേസമയം ലിബറൽ എംപിയായി തുടരാനാണ് ഗിൽബോൾട്ട് പദ്ധതിയിടുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലിബറൽ കോക്കസിലെ പ്രമുഖ പരിസ്ഥിതി പ്രവർത്തകരിൽ ഒരാളാണ് സ്റ്റീവൻ ഗിൽബോൾട്ട്. കൂടാതെ ജസ്റ്റിൻ ട്രൂഡോ കൊണ്ടുവന്ന ഉപഭോക്തൃ കാർബൺ നികുതിയുടെ ഉറച്ച വക്താവുമായിരുന്നു അദ്ദേഹം. രാഷ്ട്രീയ ജീവിതത്തിന് മുമ്പ്, ഗിൽബോൾട്ട് കെബെക്കിലെ ഏറ്റവും വലിയ പരിസ്ഥിതി സംഘടനയുടെ സഹസ്ഥാപകനായിരുന്നു. ഒപ്പം ഗ്രീൻപീസിന്‍റെ ഡയറക്ടറായും കാംപെയ്ൻ മാനേജരായും സേവനമനുഷ്ഠിച്ചു.
