ലണ്ടൻ ഒൻ്റാരിയോ : നഗരത്തിന് സമീപമുള്ള സ്ട്രാട്രോയ്-കാരഡോക് പട്ടണത്തിൽ ഏവിയൻ ഇൻഫ്ലുവൻസ (പക്ഷിപ്പനി) പടർന്നു പിടിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA) റിപ്പോർട്ട് ചെയ്തു. നഗരത്തിലെ മൂന്ന് ടർക്കി ഫാമുകളിൽ ഏവിയൻ ഇൻഫ്ലുവൻസ (HPAI) H5N1 തിരിച്ചറിഞ്ഞിട്ടുണ്ട്. നവംബർ 14 ന് ആദ്യത്തെ അണുബാധ കണ്ടെത്തി. തുടർന്ന് നവംബർ 22, 26 തീയതികളിൽ അണുബാധയുണ്ടായി. ആദ്യം പക്ഷിപ്പനി കണ്ടെത്തിയ ഫാമിലെ (ON-IP63) 32,000 ടർക്കികളെ ബാധിച്ചതായും രണ്ടാമത്തെ സ്ഥലത്ത് (ON-IP64) 15,625 ടർക്കികളെ പക്ഷിപ്പനി ബാധിച്ചതായി ഏജൻസി അറിയിച്ചു. മൂന്നാമത്തെ ഫാമിൽ എത്ര ടർക്കികൾക്ക് പക്ഷിപ്പനി ബാധിച്ചിട്ടുണ്ടെന്ന് വ്യക്തമല്ല.

പക്ഷപ്പനി പടരുന്നത് തടയാൻ ഈ മേഖലയിൽ CFIA കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ മേഖലയിലേക്ക് പക്ഷികളെയും അവയുടെ ഉൽപ്പന്നങ്ങളെയും മറ്റ് ഉപോൽപ്പന്നങ്ങളെയും കൊണ്ടുപോകുന്നതിന് പെർമിറ്റ് ആവശ്യമാണ്. രോഗം ബാധിച്ച പക്ഷികളെ കൊന്നൊടുക്കുകയും കൂടുതൽ അണുബാധകൾ ഉണ്ടോയെന്ന് പരിശോധിക്കുകയും ചെയ്യും, ഫെഡറൽ ഏജൻസി അറിയിച്ചു.

കാനഡയിൽ പക്ഷിപ്പനി പടരുന്നത് പ്രധാനമായും ദേശാടന പക്ഷികളിലൂടെയാണെന്ന് CFIA ഉദ്യോഗസ്ഥർ പറയുന്നു. മനുഷ്യരിൽ പക്ഷിപ്പനി പടരുന്നത് അപൂർവമാണെന്നും എന്നാൽ, സാധാരണയായി രോഗബാധിതരായ പക്ഷികളുമായോ മലിനമായ ചുറ്റുപാടുകളുമായോ അടുത്ത സമ്പർക്കം പുലർത്തുന്നവർക്ക് അണുബാധ ഉണ്ടായേക്കാമെന്ന് അധികൃതർ പറഞ്ഞു.
