ടൊറൻ്റോ : ശൈത്യകാല കൊടുങ്കാറ്റിനെ തുടർന്ന് ഗ്രേറ്റർ ടൊറൻ്റോ മേഖലയുടെ ചില ഭാഗങ്ങളിൽ ഇന്ന് രാവിലെയും കനത്ത മഞ്ഞുവീഴ്ച തുടരുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ ചില പ്രദേശങ്ങളിൽ 60 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി. കനത്ത മഞ്ഞുവീഴ്ചയും കാറ്റും കാരണം സിംകോ കൗണ്ടിയിൽ സ്കൂൾ ബസുകൾ റദ്ദാക്കിയിട്ടുണ്ട്. ശൈത്യകാല കൊടുങ്കാറ്റിൽ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാൻ ദേശീയ കാലാവസ്ഥാ ഏജൻസി അഭ്യർത്ഥിച്ചു.

പിക്കറിങ്, വിറ്റ്‌ബി, ഓഷവ എന്നിവയുൾപ്പെടെ ദുർഹം മേഖലയിലെ ചില ഭാഗങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയാണ് പ്രവചിച്ചിരിക്കുന്നത്. വെള്ളിയാഴ്ച തെക്കൻ ദുർഹം മേഖലയിൽ 10 മുതൽ 30 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ച ഉണ്ടാകാം. ടൊറൻ്റോയുടെ വടക്കൻ പ്രദേശങ്ങളിൽ മഞ്ഞുവീഴ്ച കൂടുതൽ ശക്തമായി ഉണ്ടാകുമെന്ന് കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി. ന്യൂമാർക്കറ്റ്, ജോർജിന, ഉക്സ്ബ്രിഡ്ജ് എന്നിവയുൾപ്പെടെ വടക്കൻ യോർക്ക് മേഖലയിലെ മുനിസിപ്പാലിറ്റികളിൽ മഞ്ഞുവീഴ്ച 60 സെന്റീമീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്. വെള്ളിയാഴ്ച ടൊറൻ്റോയിലെ താപനില പൂജ്യം ഡിഗ്രി സെൽഷ്യസാണ്. പക്ഷേ കാറ്റിനൊപ്പം തണുപ്പ് മൈനസ് 8 ആയി അനുഭവപ്പെടും.
