മുംബൈ: മ്യൂച്വല്‍ ഫണ്ട്, റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റുമെന്റ് ട്രസ്റ്റ്, എസ്‌ഐഎഫ് തുടങ്ങിയ നിക്ഷേപങ്ങളില്‍ സുപ്രധാനമായ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് സെബി. 2026 ജനുവരി 1 മുതല്‍ മ്യൂച്വല്‍ ഫണ്ടുകളും സ്‌പെഷ്യലൈസ്ഡ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുകളും (SIF) റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റുകളി (REITs)ലെ നിക്ഷേപവും ഓഹരിക്ക് സമാനമായി കണക്കാക്കും. ഇതേസമയം, ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റുകള്‍ (InvITs) ഹൈബ്രിഡ് വിഭാഗത്തില്‍ തുടരും. മ്യൂച്വൽ ഫണ്ടുകളുടെയും സ്‌പെഷ്യലൈസ്ഡ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുകളുടെയും കൂടുതൽ നിക്ഷേപവും പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ നീക്കം.

നിലവില്‍ ഡെറ്റ് സ്‌കീമുകളിലുള്ള റീറ്റ്‌സ് നിക്ഷേപങ്ങള്‍ക്ക് പരിരക്ഷ (grandfathering) നല്‍കിയിട്ടുണ്ട്. മ്യൂച്വല്‍ ഫണ്ട് വിതരണക്കാര്‍ക്കുള്ള പ്രോത്സാഹന പദ്ധതിയും സെബി പരിഷ്‌കരിച്ചിട്ടുണ്ട്. മുന്‍പുണ്ടായിരുന്ന B30 ഇന്‍സെന്റീവ് റൂള്‍ ഒഴിവാക്കി. പ്രധാന നഗരങ്ങള്‍ക്ക് പുറത്തുള്ള നിക്ഷേപകരെയും വനിതാ നിക്ഷേപകരെയും ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതി അവതരിപ്പിച്ചു.
സെബിയുടെ പുതിയ വ്യവസ്ഥ പ്രകാരം റീറ്റ്‌സുകളെ (REITs) ഇക്വിറ്റി വിഭാഗത്തിലേക്ക് മാറ്റി. മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് ഈ മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ ഇത് അവസരമൊരുക്കും. 2026 ജനുവരി 1 മുതല്‍ മ്യൂച്വല്‍ ഫണ്ടുകളും സ്‌പെഷ്യലൈസ്ഡ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുകളും (SIFs) റീറ്റ്‌സുകളില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ ഇക്വിറ്റി അനുബന്ധ ഉപകരണങ്ങളായി പരിഗണിക്കും. അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യയോട് (AMFI) വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തിലുള്ള സ്‌ക്രിപ്റ്റുകളുടെ പട്ടികയില്‍ റീറ്റ്‌സുകളെ ഉള്‍പ്പെടുത്താന്‍ സെബി നിര്‍ദ്ദേശിച്ചുട്ടുണ്ട്. 2026 ജൂലൈ 1-ന് ശേഷമാകും റീറ്റ്‌സുകളെ ഇക്വിറ്റി സൂചികകളില്‍ ഉള്‍പ്പെടുത്തുക.
