സാസ്കറ്റൂൺ : ഉയർന്ന ജീവിതച്ചിലവിനൊപ്പം പുതുവർഷത്തിൽ പ്രോപ്പർട്ടി ടാക്സ് വർധനയേയും സാസ്കറ്റൂൺ നിവാസികൾ നേരിടേണ്ടി വരും. സിറ്റി ഹാളിൽ നടന്ന നാല് ദിവസത്തെ മാരത്തൺ മീറ്റിങ്ങുകൾക്ക് ശേഷം, സിറ്റിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രോപ്പർട്ടി ടാക്സ് വർധനയ്ക്ക് സാസ്കറ്റൂൺ സിറ്റി കൗൺസിൽ വോട്ട് ചെയ്തു. അടുത്ത വർഷം 6.7 ശതമാനവും 2027-ൽ5.81 ശതമാനവും നികുതി വർധിപ്പിക്കുമെന്ന് മേയർ സിന്തിയ ബ്ലോക്ക് അറിയിച്ചു. ഇതോടെ 394,200 ഡോളർ മൂല്യമുള്ള ഒരു വീടിനുള്ള പ്രതിമാസ പ്രോപ്പർട്ടി ടാക്സ് 2026-ൽ 13.18 ഡോളറും 2027-ൽ മറ്റൊരു 12.20 ഡോളറും വർധിക്കും. പ്രോപ്പർട്ടി ടാക്സ് വർധനയ്ക്ക് ഒപ്പം ബസ് നിരക്കുകളും ഗോൾഫ് ഫീസും വർധിക്കും. കൂടാതെ ജല, മലിനജല യൂട്ടിലിറ്റി നിരക്കുകൾ 2026-ൽ 5.18 ശതമാനവും 2027-ൽ 5.14 ശതമാനവും ഉയരും.

നികുതി കുറയ്ക്കുന്നതിനായി 108 മാർഗ്ഗങ്ങൾ സിറ്റി പരിഗണിക്കുന്നുണ്ടെന്ന് ബജറ്റ് ചർച്ചയ്ക്ക് മുന്നോടിയായി മേയർ സിന്തിയ ബ്ലോക്ക് പറഞ്ഞിരുന്നു. ഇതിൽ കമ്മ്യൂണിറ്റി സെന്‍ററുകളിലെ ഫീസ് വർധന, ബസ് സർവീസ് കുറയ്ക്കുക, 60 വർഷം പഴക്കമുള്ള ജോർജ് വാർഡ് പൂൾ അടച്ചുപൂട്ടുക തുടങ്ങിയ തീരുമാനങ്ങൾ ഉൾപ്പെടുന്നതായി അവർ വ്യക്തമാക്കി. പ്രോപ്പർട്ടി ടാക്സ് എന്ന കാലഹരണപ്പെട്ട രീതിയിൽ നിന്നും മാറി നഗരങ്ങൾക്ക് പണം കണ്ടെത്താൻ പുതിയ മാർഗ്ഗങ്ങൾ വേണമെന്നും സാസ്കറ്റൂൺ മേയർ അഭിപ്രായപ്പെട്ടിരുന്നു.
