ടൊറൻ്റോ : ഗ്രേറ്റർ ടൊറൻ്റോ മേഖലയുടെ ചില ഭാഗങ്ങളിൽ ശനിയാഴ്ച രാത്രി മുതൽ കനത്ത മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി. വോൺ, മാർക്കം, റിച്ച്മണ്ട് ഹിൽ, യോർക്ക് മേഖലയിലെ മറ്റ് ഭാഗങ്ങൾ എന്നിവിടങ്ങളിലും പിക്കറിങ്, ഓഷവ, വിറ്റ്‌ബി, എയ്ജാക്സ് എന്നിവയുൾപ്പെടെ ദുർഹം മേഖലയിലും മുന്നറിയിപ്പ് ബാധകമാണ്. കാലിഡണും മിൽട്ടൺ, ഹാൽട്ടൺ ഹിൽസ് എന്നിവയുൾപ്പെടെ ഹാൽട്ടൺ മേഖലയിലെ ചില ഭാഗങ്ങളിലും കനത്ത മഞ്ഞുവീഴ്ചയാണ് പ്രതീക്ഷിക്കുന്നത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മഞ്ഞുവീഴ്ച കുറയുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ആ പ്രദേശങ്ങളിൽ 10 സെന്റീമീറ്ററിനടുത്ത് മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നതായി ഫെഡറൽ ഏജൻസി അറിയിച്ചു. ഒൻ്റാരിയോ ലേക്കിന് സമീപമുള്ള ഉയർന്ന ഭൂപ്രദേശങ്ങളിൽ 15 മുതൽ 20 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്. അതേസമയം ടൊറൻ്റോയിൽ നിലവിൽ മുന്നറിയിപ്പുകളൊന്നും ബാധകമല്ല. പക്ഷേ അർദ്ധരാത്രി മുതൽ നഗരത്തിൽ രണ്ട് മുതൽ നാല് സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ച ഉണ്ടാകും. ഞായറാഴ്ച, മഞ്ഞ് മഴയുമായി കലർന്ന് രാവിലെ മഞ്ഞുമഴ പെയ്യുകയും ഉച്ചകഴിഞ്ഞ് അവസാനിക്കുകയും ചെയ്യും. പകൽ സമയത്തെ ഉയർന്ന താപനില 4 ഡിഗ്രി സെൽഷ്യസ് ആയിരിക്കും.

റോഡുകളിലും നടപ്പാതകളിലും മഞ്ഞ് അടിഞ്ഞുകൂടുന്നതിനാൽ യാത്ര ദുഷ്കരമായിരിക്കും. ചില സമയങ്ങളിൽ ദൃശ്യപരത പൂജ്യത്തിലേക്ക് കുറയുന്നതിനാൽ അപകടസാധ്യത കൂടുതലാണ്. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും കാലാവസ്ഥാ ഏജൻസി നിർദ്ദേശിച്ചു.
