മുംബൈ: ഓഹരി വിപണി സര്‍വകാല റെക്കോര്‍ഡില്‍. വ്യാപാരത്തിന്റെ തുടക്കത്തില്‍ മുന്നൂറുലധികം പോയിന്റ് മുന്നേറിയ ബിഎസ്ഇ സെന്‍സെക്സ് 86,000 കടന്ന് കുതിക്കുകയാണ്. നിഫ്റ്റി 26,300ന് മുകളിലാണ്. നവംബര്‍ 27ന് രേഖപ്പെടുത്തിയ റെക്കോര്‍ഡ് ഉയരം മറികടന്ന് പുതിയ ഉയരം കുറിച്ചാണ് ഓഹരി വിപണിയുടെ മുന്നേറ്റം.

സെപ്റ്റംബര്‍ പാദത്തില്‍ ഇന്ത്യയുടെ ജിഡിപി 8.2 ശതമാനമായി വളര്‍ന്നതായുള്ള കേന്ദ്രസര്‍ക്കാര്‍ കണക്കുകളാണ് വിപണിക്ക് കരുത്തായത്. ഉപഭോക്താക്കളുടെ ആവശ്യകത വര്‍ധിച്ചത് അടക്കമുള്ള ഘടകങ്ങളാണ് ശക്തമായ സാമ്പത്തിക വളര്‍ച്ചയ്ക്ക് കാരണമെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. കൂടാതെ ഇന്ത്യ- അമേരിക്ക വ്യാപാര ചര്‍ച്ചയിലുള്ള പുരോഗതിയും വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. പണപ്പെരുപ്പനിരക്ക് കുറഞ്ഞ പശ്ചാത്തലത്തില്‍ വിപണിക്ക് കൂടുതല്‍ കരുത്തുപകരാന്‍ റിസര്‍വ് ബാങ്ക് വീണ്ടും പലിശനിരക്ക് കുറയ്ക്കാന്‍ തയ്യാറാകുമെന്ന കണക്കുകൂട്ടലുകളും വിപണിയെ സ്വാധീനിക്കുന്നുണ്ട്.
അദാനി പോര്‍ട്സ്, ടാറ്റ മോട്ടോഴ്സ് പാസഞ്ചേഴ്സ് വെഹിക്കിള്‍, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍, കൊട്ടക് മഹീന്ദ്ര ബാങ്ക്, മാരുതി സുസുക്കി എന്നിവയാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്. അതേസമയം ഐടിസി, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്, ടൈറ്റന് കമ്പനി, ബജാജ് ഫിനാന്‍സ് ഓഹരികള്‍ നഷ്ടത്തിലാണ്.
