വാഷിങ്ടൺ: ഗൂഗിളിന്റെ ജെമിനി 3 മോഡലിന്റെ മുന്നറ്റത്തിൽ അമ്പരന്നിരിക്കുകയാണ് ചാറ്റ് ജി.പി.ടി നിർമാതാക്കളായ ഓപ്പൺ എ ഐ. മുമ്പ് ചാറ്റ് ജി.പി.ടിയുടെ വരവ് ഗൂഗിളിനെ അമ്പരപ്പിച്ചിരുന്നെങ്കിൽ മൂന്നുവർഷങ്ങൾക്ക് ശേഷം ജെമിനി ചാറ്റ് ജി.പി.ടിയെ തകർത്ത് മുന്നോട്ടു പോകുന്നതായാണ് ടെക് ലോകം കാണുന്നത്. ഓഹരി വിപണിയിലും കമ്പനി കുതിക്കുകയാണ്. അതേ സമയം ചാറ്റ്ജിപിടിയുടെ മത്സരക്ഷമത മോശമാകുന്ന സാഹചര്യത്തിൽ അത് മെച്ചപ്പെടുത്തുന്നതിനായി മറ്റു ജോലികൾ നിർത്തിവെക്കാൻ ഓപ്പൺ എഐ സി.ഇ.ഒ സാം ആൾട്ട്മാൻ ജീവനക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഓപ്പൺ എ.ഐക്ക് 80 കോടി പ്രതിവാര ഉപയോക്താക്കളുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും, ഉപയോക്താക്കൾ ഇപ്പോൾ ചാറ്റ്ജി പിടിയേക്കാൾ കൂടുതൽ സമയം ജെമിനിയിൽ ചെലവഴിക്കുന്നുവെന്നാണ് വെബ് അനലിറ്റിക്സ് സ്ഥാപനമായ സിമിലർ വെബ് റിപ്പോർട്ട് ചെയ്തു. ജെമിനിയുടെ പ്രതിമാസ ഉപയോക്താക്കളുടെ എണ്ണം ജൂലായിൽ 45 കോടി ആയിരുന്നത് ഒക്ടോബറിൽ 65 കോടിയായി ഉയർന്നു. ചാറ്റ് ജി.പി.ടിയെ സംബന്ധിച്ചിടത്തോളം ഇതൊരു നിർണായക സമയമാണെന്ന് ജീവനക്കാർക്കുള്ള അറിയിപ്പിൽ ആൾട്ട്മാൻ മുന്നറിയിപ്പ് നൽകിയതായി ‘ദി ഇൻഫർമേഷൻ’ റിപ്പോർട്ട് ചെയ്തിരുന്നു. ഓപ്പൺഎഐയുടെ ആഭ്യന്തര ജാഗ്രതാ സാഹചര്യം ‘കോഡ് ഓറഞ്ചിൽ’ നിന്ന് ‘കോഡ് റെഡിലേക്ക്’ അദ്ദേഹം ഉയർത്തുകയും ചെയ്തിട്ടുണ്ട്. ഏതെങ്കിലും സാഹചര്യത്തിൽ നിലനിൽപ്പിനെ ബാധിക്കുന്ന ഭീഷണികളുമായി ബന്ധപ്പെട്ട് കമ്പനി നൽകുന്ന ഏറ്റവും ഉയർന്ന അടിയന്തര മുന്നറിയിപ്പാണിത്.

‘കോഡ് റെഡ്’ മുന്നറിയിപ്പ് 500 ബില്യൺ ഡോളർ മൂല്യമുള്ള സ്റ്റാർട്ടപ്പിന്റെ ഭാവിയെതന്നെ ബാധിക്കാനിടയുള്ള ഭീഷണിയയുടെ സൂചനയാണെന്നാണ് ടെക് വിദഗ്ദ്ധരുടെ വിലയിരുത്തൽ. അടിസ്ഥാന സൗകര്യങ്ങളിൽ ഊന്നിയുള്ള ഗൂഗിളിന്റെ വളർച്ചയാണ് ഓപ്പൺ എ.ഐയെ പേടിപ്പിക്കുന്നത്. പരസ്യം, എഐ ഷോപ്പിംഗ് അസിസ്റ്റന്റുകൾ, ഹെൽത്ത് ഏജന്റുകൾ, പൾസ് പേഴ്സണൽ അസിസ്റ്റന്റ് എന്നിവ അവതരിപ്പിക്കാനുള്ള പദ്ധതികൾ ഓപ്പൺഎഐ താത്കാലികമായി ഉപേക്ഷിക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരം. പകരം ഗൂഗിളിന്റെ ശക്തമായ എഐ മുന്നേറ്റത്തെ നേരിടുന്നതിനായി കമ്പനി എല്ലാ സംവിധാനങ്ങളും ചാറ്റ്ജിപിടിയെ മെച്ചപ്പെടുത്തുന്നതിനായി ഉപയോഗിക്കും.2022 ഡിസംബറിൽ ചാറ്റ് ജി.പി.ടിയുടെ വരവ് ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചയെ ‘കോഡ് റെഡ്’ പ്രഖ്യാപിക്കാൻ നിർബന്ധിതനാക്കിയിരുന്നു. പിന്നാലെ ഗൂഗിൾ മുഴുവൻ ഡിവിഷനുകളെയും പുനഃസംഘടിപ്പിക്കുകയും എഐ വികസനത്തിന്റെ വേഗത കൂട്ടുകയും ചെയ്തിരുന്നു. ആ നീക്കം ഫലംകണ്ടതായാണ് ഇപ്പോൾ വ്യക്തമാകുന്നത്.ഗൂഗിളിന്റെ ഏറ്റവും പുതിയ ജെമിനി 3 മോഡൽ വിവിധ മാനദണ്ഡങ്ങളിൽ ഓപ്പൺഎഐയുടെ ജിപിടി-5 നെ മറികടന്നുകഴിഞ്ഞു. അതേസമയം അതിന്റെ നാനോ ബനാന പ്രോ ഇമേജ് ജനറേറ്റർ കാര്യമായ പ്രചാരം നേടിയിട്ടുണ്ട്. ആന്ത്രോപിക്കിന്റെ ഓപ്പസ് 4.5 മോഡലും പ്രധാന പരീക്ഷണങ്ങളിൽ ജിപിടി-5 നെ പരാജയപ്പെടുത്തി. ഇതെല്ലാം ഓപ്പൺഎഐയെ കടുത്ത സമ്മർദ്ദത്തിലാക്കുന്നു.
