വൻകൂവർ : നൂറുകണക്കിന് തൊഴിലാളികളെ പ്രതിസന്ധിയിലാക്കി വൻകൂവർ ഐലൻഡിലെ പൾപ്പ് മിൽ അടച്ചുപൂട്ടുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയും നിലവിലെ വിപണി സാഹചര്യങ്ങളും പരിഗണിച്ചാണ് ക്രോഫ്റ്റണിലുള്ള കാറ്റലിസ്റ്റ് പൾപ്പ് ആൻഡ് പേപ്പർ മിൽ അടച്ചുപൂട്ടുന്നത്. ഇതോടെ മില്ലിലെ ഏകദേശം 350 തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടും. കഴിഞ്ഞ 18 മാസമായി, പ്രവർത്തനച്ചെലവ് കുറയ്ക്കാൻ മിൽ ജീവനക്കാർ കഠിനമായി പരിശ്രമിച്ചെങ്കിലും അടച്ചുപൂട്ടൽ ഭീഷണിയെ മറികടക്കാൻ സാധിച്ചില്ലെന്ന് മില്ലിലെ പേപ്പർ ആൻഡ് പാക്കേജിങ് വിഭാഗം പ്രസിഡൻ്റ് സ്റ്റീവ് ഹെൻറി പറഞ്ഞു.

തൊഴിലാളികൾക്ക് വലിയ വെല്ലുവിളിയാണ് മിൽ അടച്ചുപൂട്ടലെന്ന് ബി.സി. വനം മന്ത്രി രവി പർമർ ഒരു പ്രസ്താവനയിൽ പറഞ്ഞു. അസ്ഥിരമായ വിപണി, ഇടിയുന്ന പൾപ്പ് വില, നാരുകളുടെ ക്ഷാമം, കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന കാട്ടുതീ, യുഎസ് തീരുവകൾ, താരിഫുകൾ എന്നിവയിൽ നിന്നുള്ള സമ്മർദ്ദങ്ങൾ വനമേഖല നേരിടുന്നുണ്ടെന്നും മന്ത്രി പറയുന്നു. അതേസമയം പ്രവിശ്യാ വനമന്ത്രി രവി പർമർ രാജിവെക്കണമെന്ന് പ്രതിപക്ഷമായ ബി.സി. കൺസർവേറ്റീവ് പാർട്ടി ആവശ്യപ്പെട്ടു. സർക്കാരിന്‍റെ കെടുകാര്യസ്ഥത കാരണം പ്രവിശ്യയുടെ വനവൽക്കരണ മേഖല തകർന്നുകൊണ്ടിരിക്കുന്നതിന്‍റെ സൂചനയാണ് മിൽ അടച്ചുപൂട്ടലെന്നും പ്രതിപക്ഷം ആരോപിച്ചു.
