ഓട്ടവ: നഗരത്തിൽ ഫ്ലൂ കേസുകൾ ഗണ്യമായി വർധിച്ച സാഹചര്യത്തിൽ മുന്നറിയിപ്പ് നൽകി ചിൽഡ്രൻസ് ഹോസ്പിറ്റൽ ഓഫ് ഈസ്റ്റേൺ ഒന്റാരിയോ (CHEO). തണുപ്പുകാലം തുടങ്ങിയ ശേഷം അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടുന്ന കുട്ടികളുടെ എണ്ണം ഗണ്യമായി വർധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഈ നവംബറിൽ, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് എട്ടിരട്ടിയോളം കുട്ടികളിലാണ് ഫ്ലൂ സ്ഥിരീകരിച്ചത്. കൂടാതെ ആശുപത്രിവാസം വേണ്ടി വന്ന കുട്ടികളുടെ എണ്ണവും ഇരട്ടിച്ചു.
ഫ്ലൂ സീസണിന്റെ ഏറ്റവും ഉയർന്ന ഘട്ടം ഡിസംബർ അവസാനത്തോടെയാണ് പ്രതീക്ഷിക്കുന്നത്. ചികിത്സ തേടിയെത്തിയവരിൽ ഭൂരിഭാഗം കുട്ടികളും ഫ്ലൂ വാക്സിൻ എടുത്തിട്ടില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ആരോഗ്യം സംരക്ഷിക്കുന്നതിനായി കുട്ടികളും മുതിർന്നവരും ഉൾപ്പെടെ എല്ലാവരും ഉടൻ തന്നെ വാക്സിൻ സ്വീകരിക്കണമെന്ന് CHEO ആവശ്യപ്പെട്ടു.

സാധാരണ ജലദോഷത്തേക്കാൾ ഗുരുതരമാണ് ഫ്ലൂ. ചെറുപ്പമായതിനാൽ ശ്വാസനാളങ്ങൾ ചെറുതും പ്രതിരോധശേഷി വികസിച്ചു വരുന്നതുമായ അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് രോഗം ഗുരുതരമാകാൻ സാധ്യത കൂടുതലായതിനാൽ ഇത് സ്കൂളുകളിലും ഡേകെയറുകളിലും വേഗത്തിൽ പടരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഫ്ലൂ വാക്സിൻ ആറുമാസം മുതൽ പ്രായമുള്ളവർക്ക് ഫാർമസികൾ വഴിയും ആരോഗ്യ കേന്ദ്രങ്ങൾ വഴിയും ലഭ്യമാണ്.
