ടൊറൻ്റോ : ലേക്ക് ഇഫക്റ്റ് സ്നോ സ്ക്വാളിനെ തുടർന്ന് ഗ്രേറ്റർ ടൊറൻ്റോയുടെയും തെക്കൻ ഒൻ്റാരിയോയുടെയും ചില ഭാഗങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് എൻവയൺമെൻ്റ് കാനഡയുടെ മുന്നറിയിപ്പ്. ബ്രൂസ് പെനിൻസുല, സോബിൾ ബീച്ച്, ടോബർമോറി എന്നിവയുൾപ്പെടെ ഹ്യൂറോൺ തടാകത്തിന് സമീപമുള്ള പ്രദേശങ്ങളിൽ 50 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ച ഉണ്ടാകാം. വ്യാഴാഴ്ച വൈകുന്നേരത്തോടെ സ്ഥിതി മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

ജിടിഎയിൽ, വടക്കൻ യോർക്ക് മേഖല, ന്യൂമാർക്കറ്റ് മുതൽ ഉക്സ്ബ്രിഡ്ജ്, പോർട്ട് പെറി വരെയുള്ള പ്രദേശങ്ങളിൽ വ്യാഴാഴ്ച രാവിലെ മുതൽ ഉച്ചകഴിഞ്ഞ് വരെ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നു. മഞ്ഞിനൊപ്പം മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗത്തിൽ വടക്കുപടിഞ്ഞാറൻ കാറ്റും ഉണ്ടാകും. ടൊറൻ്റോ, മിസ്സിസാഗ, ബ്രാംപ്ടൺ, ഹാമിൽട്ടൺ, ഓഷവ, നയാഗ്ര ഫോൾസ് എന്നിവിടങ്ങളിൽ ശക്തമായ കാറ്റ് വീശും. കൂടാതെ ഏകദേശം രണ്ട് മുതൽ നാല് സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ച ഉണ്ടാകാം. കാറ്റും മഞ്ഞുവീഴ്ചയും ചേരുമ്പോൾ ദൃശ്യപരത കുറയുകയും യാത്ര അപകടകരമാകുകയും ചെയ്യും. ചിലപ്പോൾ ദൃശ്യപരത പെട്ടെന്ന് പൂജ്യത്തോടടുത്ത് കുറയാൻ സാധ്യതയുണ്ട്, കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
