ഓട്ടവ : അതിശക്തമായ തീരദേശ കൊടുങ്കാറ്റ് വീശിയടിച്ചതോടെ കാനഡയിലുടനീളം കനത്ത മഞ്ഞുവീഴ്ചയും ആരംഭിച്ചു. തെക്കുപടിഞ്ഞാറൻ ഒൻ്റാരിയോ, തെക്കൻ കെബെക്ക്, ആൽബർട്ട, ബ്രിട്ടിഷ് കൊളംബിയ, മാരിടൈംസ് പ്രവിശ്യകൾ എന്നിവിടങ്ങളിൽ വ്യാഴാഴ്ച രാവിലെ മുതൽ കനത്ത മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നതായി എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി.

കിഴക്ക് ലിൻഡ്സെ മുതൽ പടിഞ്ഞാറ് ഗ്രാൻഡ് ബെൻഡ് വരെയും വടക്ക് ടോബർമോറി വരെയും മാനിറ്റൗളിൻ ദ്വീപ് വരെയും ഒൻ്റാരിയോയിലെ ഭൂരിഭാഗം പ്രദേശത്തും കനത്ത മഞ്ഞുവീഴ്ച നേരിടുന്നു. ചില പ്രദേശങ്ങളിൽ ഇന്ന് 50 സെന്റീമീറ്റർ വരെ മഞ്ഞ് പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കൂടാതെ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗത്തിൽ വടക്കുപടിഞ്ഞാറൻ കാറ്റും ഉണ്ടാകും. അതേസമയം ഒൻ്റാരിയോ അതിർത്തി മുതൽ കെബെക്ക് സിറ്റി വരെയും സെൻ്റ് ലോറൻസ് നദിയുടെ തെക്ക് ഭാഗത്തുള്ള കെബെക്കിന്‍റെ വലിയൊരു പ്രദേശത്തും മഞ്ഞുവീഴ്ച ആരംഭിച്ചിട്ടുണ്ട്.

മാരിടൈംസ് പ്രവിശ്യയായ ന്യൂബ്രൺസ്വിക്കിൽ രാത്രിയിൽ താപനില മൈനസ് 30 താഴെയാകുമെന്ന് പ്രതീക്ഷിക്കുന്നു. പടിഞ്ഞാറൻ കെയ്പ് ബ്രെറ്റൺ, ന്യൂഫിൻലൻഡിന്‍റെ തെക്കുപടിഞ്ഞാറൻ തീരത്തും കനത്ത മഞ്ഞുവീഴ്ച ആരംഭിച്ചു. വ്യാഴാഴ്ച വൈകുന്നേരം വരെ പ്രതികൂല കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്. ആൽബർട്ടയിൽ, എഡ്മിന്‍റനിൽ ഇന്ന് 20 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. ബ്രിട്ടിഷ് കൊളംബിയയിലെ 100 മൈൽ ഹൗസ്, വാട്സൺ ലേക്ക് മേഖലകളിൽ ഇന്ന് രാവിലെയും മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.
