വാഷിങ്ടൺ : ചരിത്രത്തിലെ ‘ഏറ്റവും വലിയ ലോകകപ്പിൽ ആതിഥേയരായ കാനഡ ഗ്രൂപ്പ് ഘട്ടത്തിൽ ഖത്തർ, സ്വിറ്റ്സർലൻഡ്, യൂറോപ്യൻ പ്ലേഓഫ് വിജയി എന്നിവരെ നേരിടും. ഇറ്റലി, വടക്കൻ അയർലൻഡ്, വെയിൽസ്, ബോസ്നിയ ആൻഡ് ഹെർസഗോവിന എന്നീ രാജ്യങ്ങളാണ് യൂറോപ്യൻ പ്ലേഓഫിൽ മത്സരിക്കുന്നത്. യുഎസിലും മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലുമായി അടുത്ത വർഷം ജൂൺ 11 മുതൽ ജൂലൈ 19 വരെ നടക്കുന്ന 2026 ഫിഫ ലോകകപ്പിൽ ഇതാദ്യമായി 48 ടീമുകൾ പങ്കെടുക്കും.

ജൂൺ 12 ന് ടൊറൻ്റോയിൽ യൂറോപ്യൻ പ്ലേഓഫ് വിജയിയുമായിട്ടായിരിക്കും ലോക റാങ്കിങ്ങിൽ 27-ാം സ്ഥാനത്തുള്ള കാനഡയുടെ ആദ്യ മത്സരം. തുടർന്ന് ജൂൺ 18 ന് ഖത്തറിനെതിരെയുള്ള രണ്ടാം മത്സരവും ജൂൺ 24 ന് സ്വിറ്റ്സർലൻഡിനെതിരെയുള്ള ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരവും വൻകൂവറിലും നടക്കും.

വാഷിങ്ടൺ ഡി.സിയിലെ കെന്നഡി സെന്‍റർ ഫോർ ദി പെർഫോമിങ് ആർട്‌സിൽ നടന്ന നറുക്കെടുപ്പിൽ പ്രധാനമന്ത്രി മാർക്ക് കാർണി, യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്, മെക്സിക്കൻ പ്രസിഡൻ്റ് ക്ലോഡിയ ഷെയിൻബോം, അമേരിക്കൻ ഫുട്ബോൾ ഇതിഹാസം ടോം ബ്രാഡി, ബാസ്കറ്റ്ബോൾ ഇതിഹാസം ഷാക്വിൽ ഒ നീൽ, ഹോക്കി താരം വെയ്ൻ ഗ്രെറ്റ്സ്കി, ഓൾസ്റ്റാർ ബേസ്ബോൾ താരം ആരോൺ ജഡ്ജ് തുടങ്ങിയവർ പങ്കെടുത്തു.
