ഓട്ടവ : ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾ അടുത്തതോടെ കാനഡയിൽ ഇൻഫ്ലുവൻസയും മറ്റ് ശ്വാസകോശ രോഗങ്ങളും പടർന്നു പിടിക്കുന്നതായി റിപ്പോർട്ട്. H3N2, H1N1, ഇൻഫ്ലുവൻസ ബി എന്നീ വകഭേദങ്ങളാണ് കാനഡയിലുടനീളം പടരുന്നത്. ഇൻഫ്ലുവൻസ കേസുകൾ ഏകദേശം 61% വർധിച്ചതായി ഏറ്റവും പുതിയ കനേഡിയൻ റെസ്പിറേറ്ററി വൈറസ് സർവൈലൻസ് റിപ്പോർട്ട് സൂചിപ്പിക്കുന്നു. നവംബർ അവസാന ആഴ്ചയിൽ സ്ഥിരീകരിച്ച കേസുകൾ 2,273 ൽ നിന്ന് 3,655 ആയി ഉയർന്നു. ലബോറട്ടറി പരിശോധനകളിൽ പതിമൂന്ന് ശതമാനവും പോസിറ്റീവ് ആയി, കഴിഞ്ഞ ആഴ്ച ഇത് 8.5 ശതമാനമായിരുന്നുവെന്ന് ഫ്ലൂവാച്ച്+ സർവൈലൻസ് പ്രോഗ്രാം തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. നവംബർ അവസാന ആഴ്ചയിൽ, ഇൻഫ്ലുവൻസ ബാധിച്ച് 1,286 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻ ആഴ്ചയേക്കാൾ 269 അല്ലെങ്കിൽ ഏകദേശം 26% വർധനയാണ് ആശുപത്രി പ്രവേശനത്തിൽ ഉണ്ടായിട്ടുള്ളത്.

ഇൻഫ്ലുവൻസ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ എല്ലാവരും ഫ്ലൂ വാക്സിൻ സ്വീകരിക്കണമെന്ന് പകർച്ചവ്യാധി വിദഗ്ധൻ ഡോ. ഐസക് ബൊഗോച്ച് നിർദ്ദേശിച്ചു. ഫ്ലൂ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മിക്ക ആളുകൾക്കും വാക്സിൻ ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രായമായവർ, ശിശുക്കൾ, ഗർഭിണികൾ, രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവർക്കും ആരോഗ്യമുള്ള യുവാക്കൾക്കും പോലും ഇൻഫ്ലുവൻസ ബാധിക്കാമെന്ന് ഡോ. ഐസക് പറയുന്നു.
