ടൊറൻ്റോ : ബ്രാംപ്ടണിൽ കള്ളപ്പണം വെളുപ്പിക്കൽ, വ്യാജ രേഖകൾ നിർമ്മിച്ച് വായ്പാ തട്ടിപ്പ് എന്നിവയുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തതായി ടൊറൻ്റോ പൊലീസ് അറിയിച്ചു. ഒളിവിൽപോയ മറ്റൊരു പ്രതിക്കായി തിരച്ചിൽ തുടരുകയാണ്. ബ്രാംപ്ടൺ സ്വദേശികളായ മിസ്ബാ അക്രം (55), സഖ്‌ലൈൻ അക്രം (28) എന്നിവരാണ് അറസ്റ്റിലായത്. ‘ചൗധരി അക്രം’ എന്നറിയപ്പെടുന്ന ബ്രാംപ്ടണിൽ നിന്നുള്ള 59 വയസ്സുള്ള മുഹമ്മദ് അക്രത്തിനെയാണ് പൊലീസ് തിരയുന്നത്. “പ്രൊജക്റ്റ് ഡെജാ വു” എന്ന പേരിൽ 2024 ഏപ്രിലിൽ ആരംഭിച്ച അന്വേഷണത്തിന്‍റെ ഭാഗമാണ് ഈ അറസ്റ്റുകൾ.

‘സിന്തറ്റിക് ഐഡൻ്റിറ്റി’ എന്ന സങ്കീർണ്ണമായ പുതിയൊരു തരം തട്ടിപ്പാണ് മൂവരും നടത്തിയത്. യഥാർത്ഥ വ്യക്തിഗത വിവരങ്ങൾക്കൊപ്പം വ്യാജ വിവരങ്ങൾ കൂട്ടിച്ചേർത്ത് പുതിയ വ്യാജ ഐഡൻ്റിറ്റികൾ സൃഷ്ടിക്കുന്ന രീതിയാണിത്. ഈ വ്യാജ ഐഡൻ്റിറ്റികൾ ഉപയോഗിച്ച് ഗ്രേറ്റർ ടൊറൻ്റോ മേഖലയിൽ വീടുകൾക്കായി വായ്പകൾ സംഘടിപ്പിച്ചതായി പൊലീസ് പറയുന്നു. ഒൻ്റാരിയോയിലുടനീളം നൂറുകണക്കിന് ബാങ്ക്, ക്രെഡിറ്റ് അക്കൗണ്ടുകൾ തുറക്കാൻ വ്യാജ ഐഡൻ്റിറ്റികൾ ഉപയോഗിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ക്രെഡിറ്റ് പരിധി കൃത്രിമമായി വർധിപ്പിക്കുക, പണം പിൻവലിക്കലുകൾ, പണം കൈമാറ്റം, പേയ്‌മെൻ്റുകൾ എന്നിവയ്ക്കായി വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിലൂടെ ഏകദേശം 40 ലക്ഷം ഡോളറിന്‍റെ നഷ്ടം സ്ഥിരീകരിച്ചിട്ടുണ്ട്.

ഒരു ധനകാര്യ സ്ഥാപനം മുൻ ജീവനക്കാരനുമായി ബന്ധപ്പെട്ട നിരവധി സിന്തറ്റിക് അക്കൗണ്ടുകൾ കണ്ടെത്തിയതോടെയാണ് അന്വേഷണത്തിന് തുടക്കമായത്. 2022 ഒക്ടോബറിലാണ് ഈ തട്ടിപ്പ് ആദ്യമായി പുറത്തുവരുന്നത്. 2016 മുതലുള്ള ഈ തട്ടിപ്പിൽ ആയിരത്തോളം വ്യാജ ഐഡൻ്റിറ്റികളാണ് ഉപയോഗിച്ചത്. തുടർന്ന് “പ്രൊജക്റ്റ് ഡെജാ വു” അന്വേഷണത്തിൽ 12 പേരെ അറസ്റ്റ് ചെയ്യുകയും നൂറിലധികം കുറ്റങ്ങൾ ചുമത്തുകയും ചെയ്തിരുന്നു. ഇപ്പോൾ അറസ്റ്റിലായ മിസ്ബാ അക്രം, സഖ്‌ലൈൻ അക്രം എന്നിവർക്കെതിരെ 10 വഞ്ചനാക്കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
