ന്യൂഡൽഹി: രാജ്യത്തെ ഗ്രാമീണ മേഖലയുടെ നട്ടെല്ലായ റീജിയണൽ റൂറൽ ബാങ്കുകളെ (ആർ.ആർ.ബി) ഓഹരി വിപണിയിലേക്ക് ലിസ്റ്റ് ചെയ്യാൻ കേന്ദ്രസർക്കാർ. 2027 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ തന്നെ കുറഞ്ഞത് രണ്ട് ആർ.ആർ.ബികൾ ഓഹരി വിപണിയിൽ അരങ്ങേറ്റം കുറിച്ചേക്കും. ഉത്തർപ്രദേശ് ഗ്രാമീൺ ബാങ്ക് ഉൾപ്പെടെയുള്ള ബാങ്കുകളാണ് ആദ്യ ഘട്ടത്തിൽ ലിസ്റ്റിംഗിനായി പരിഗണിക്കുന്നത്. ഇന്ത്യൻ ഗ്രാമീണ ബാങ്കിംഗ് മേഖലയിൽ പുതിയൊരു നാഴികക്കല്ലായിരിക്കും ഈ നീക്കമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ നൽകുന്ന സൂചന. ഇതിനായി ഒരുങ്ങാൻ ബാങ്കുകൾക്ക് കേന്ദ്രം നിർദ്ദേശം നൽകി കഴിഞ്ഞു. ഒരു സംസ്ഥാനത്തിന് ഒരു ആർ.ആർ.ബി എന്ന നയമനുസരിച്ച് ഗ്രാമീണ ബാങ്കുകൾ അടുത്തിടെ ലയിപ്പിച്ചിരുന്നു. നിലവിൽ കേരള ഗ്രാമീണ ബാങ്ക് അടക്കം രാജ്യത്ത് 28 ആർ.ആർ.ബികളാണ് ഉള്ളത്. ഈ ലയനത്തിലൂടെ ആർ.ആർ.ബികളുടെ സാമ്പത്തിക സ്ഥിരതയും വിശ്വാസ്യതയും വർധിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം.ആർ.ആർ.ബികളുടെ പ്രവർത്തന മികവ് ഉയർത്തുന്നതിനും കൂടുതൽ മൂലധനം ആകർഷിക്കുന്നതിനും വേണ്ടിയാണ് ഇപ്പോൾ പബ്ലിക് ലിസ്റ്റിംഗ് നടത്തുന്നത്.

ലിസ്റ്റിംഗിന് മുന്നോടിയായി ബാങ്കുകളുടെ സാങ്കേതിക നവീകരണവും ലയന പ്രക്രിയയും പൂർത്തിയാക്കാൻ സ്പോൺസർ ബാങ്കുകൾക്ക് ധനമന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. ലിസ്റ്റിംഗിനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ കഴിഞ്ഞ മൂന്ന് വർഷമായി കുറഞ്ഞത് 300 കോടി രൂപയുടെ അറ്റമൂല്യം (Net Worth) ഉണ്ടായിരിക്കണമെന്നും കഴിഞ്ഞ അഞ്ച് വർഷത്തിൽ മൂന്ന് വർഷമെങ്കിലും കുറഞ്ഞത് 15 കോടി രൂപയുടെ പ്രവർത്തന ലാഭം (Pre-tax operating profit) നേടിയിരിക്കണം എന്നുമുള്ള നിരവധി മാനദണ്ഡങ്ങൾ പരിശോധിച്ചാണ് തിരഞ്ഞെടുക്കുന്നത്. കേരളത്തിലെ റീജിയണൽ റൂറൽ ബാങ്കാണ് മലപ്പുറം ആസ്ഥാനമായുള്ള കേരള ഗ്രാമീണ ബാങ്ക്. കേരള ഗ്രാമീണ ബാങ്കിന്റെ ലാഭം 2024-25 സാമ്പത്തിക വർഷത്തിൽ 313 കോടി രൂപയാണ്. ഇതിന് മുകളിലുള്ള വർഷങ്ങളിലും ബാങ്ക് മുന്നൂറ് കോടി രൂപയ്ക്ക് മുകളിൽ ലാഭം രേഖപ്പെടുത്തി. 2024-25 സാമ്പത്തിക വർഷത്തിൽ റിട്ടേൺ ഓൺ ഇക്വിറ്റി 12.70 ശതമാനമാണ്. മുൻ സാമ്പത്തിക വർഷങ്ങളിൽ ഇത് യഥാക്രമം 19.74, 19.84 എന്നിങ്ങനെയായിരുന്നു.
